Quantcast

ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണം, പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം: ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍

ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ അമിത് ഷാക്ക് കത്തയച്ചു

MediaOne Logo

Web Desk

  • Updated:

    2021-05-29 08:14:35.0

Published:

29 May 2021 3:38 AM GMT

ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണം, പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം: ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍
X

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് സൈഗാൾ അമിത് ഷാക്ക് കത്തയച്ചു. ഉമേഷ് സൈഗാളിന്റെ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

പ്രഫുൽ പട്ടേൽ നടത്തുന്നത് ദ്വീപ് ജനതയെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങളാണെന്ന് കത്തിൽ പറയുന്നു. ഗുണ്ടാ നിയമം ഉൾപ്പെടെ പുതിയ നിയമങ്ങളെല്ലാം അനാവശ്യമാണ്. അഞ്ച് മാസം കൊണ്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ ലക്ഷദ്വീപിന് ചേരാത്തതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പരിഷ്കാരങ്ങള്‍. കൂട്ടപിരിച്ചുവിടല്‍ കൊണ്ട് എന്താണ് ലക്ഷ്യം വെയ്ക്കുന്നത്? കുട്ടികളുടെ ഭക്ഷണത്തില്‍ നിന്നുപോലും മാംസ വിഭവങ്ങള്‍ ഒഴിവാക്കുന്നത് എന്തിനാണ്? എന്നെല്ലാം ഉമേഷ് സൈഗാള്‍ കത്തില്‍ ചോദിക്കുന്നുണ്ട്.

അഡ്മിനിസ്ട്രേറ്ററുടെ ഇപ്പോഴത്തെ നടപടികള്‍ ശരിയല്ല. ദ്വീപിലെ പ്രവര്‍ത്തന പരിചയം വെച്ചാണ്, ദ്വീപിനെ അറിയുന്ന ആള്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ദ്വീപിന് അനുയോജ്യമായ ടൂറിസം പദ്ധതികളാണ് നിലവിലുള്ളത്. മാലദ്വീപ് മാതൃകയിലുള്ള വികസനം ദ്വീപില്‍ നടപ്പിലാക്കരുത്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഉമേഷ് സൈഗാൾ കത്തില്‍ ആവശ്യപ്പെട്ടു.

നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

അതിനിടെ ലക്ഷദ്വീപിൽ നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദ്വീപുകള്‍, കപ്പലുകള്‍, കപ്പലുകളുമായി ബന്ധപ്പെട്ട പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണം ഉണ്ടാവണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംശയകരമായ എന്ത് കണ്ടാലും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുഴുവന്‍ സമയവും ജാഗ്രത വേണമെന്ന് ഈ ഉത്തരവില്‍ പറയുന്നുണ്ട്.


TAGS :

Next Story