Quantcast

ഡി.ജി.പിക്കും ഭാര്യക്കുമെതിരായ ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരൻ

ഡി.ജി.പിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-07-03 13:58:34.0

Published:

3 July 2024 12:51 PM GMT

land transaction case against DGP and wife has been settled says complainant
X

തിരുവനന്തപുരം: ബാധ്യത മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിച്ചെന്ന സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനും ഭാര്യക്കുമെതിരായ പരാതി ഒത്തുതീർപ്പായെന്ന് പരാതിക്കാരൻ ഉമർ ഷെരീഫ്. പണം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ഉമർ ഷെരീഫ് തിരുവനന്തപുരം അഡീഷണൽ സബ് കോടതിയിൽ രമ്യഹരജി ഫയൽ ചെയ്തു. പണം ലഭിച്ചെന്ന് പരാതിക്കാരൻ അറിയിച്ചാൽ ഭൂമിയിന്മേലുള്ള ജപ്തിനടപടി ഒഴിവാകുമെന്നാണ് കോടതിവ്യവസ്ഥ.

ഡി.ജി.പിയുടെ ഭാര്യ ഫരീദ ഫാത്തിമയുടെ നെട്ടയത്തുള്ള 10.8 സെന്റ് ഭൂമി ബാധ്യത മറച്ചുവച്ച് വിൽക്കാൻ ശ്രമിച്ചെന്നും ഇത് വിൽപ്പനക്കരാറിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് നേരത്തെ ഉമർ ഷെരീഫ് തിരുവനന്തപുരം അഡീഷണൽ സബ് കോടതിയെ സമീപിച്ചത്. തുടർന്ന് ഭൂമി ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു.

2023 ജൂൺ 22‌നാണ് സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട കരാർ ഒപ്പിടുന്നത്. 74 ലക്ഷം രൂപയുടെ കരാറിൽ 30 ലക്ഷം രൂപ ഡി.ജി.പിയും ഭാര്യയും ചേർന്ന് വാങ്ങി. തുടർന്ന് താൻ നടത്തിയ അന്വേഷണത്തിൽ ഇതേ ഭൂമി പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെന്നും 26 ലക്ഷം രൂപ ബാധ്യതയുണ്ടെന്നും മനസിലാക്കി. എന്നാൽ മുൻകൂറായി വാങ്ങിയ 30 ലക്ഷം രൂപ തിരിച്ചുനൽകിയില്ല.

ഡി.ജി.പിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഡി.ജി.പിയുടെ ഓഫീസിൽ വച്ച് അഞ്ച് ലക്ഷം രൂപ കൈമാറിയെന്നതടക്കമുള്ള ആരോപണങ്ങളും പരാതിക്കാരൻ ഉന്നയിച്ചിരുന്നു. വിഷയം വാർത്തയായതോടെ ഇന്നലെ മുതൽ മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങിയിരുന്നു. അതിനൊടുവിലാണ് പണം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ കോടതിയിൽ രമ്യഹരജി ഫയൽ ചെയ്തത്. ഹരജി കോടതി അംഗീകരിച്ചാൽ ജപ്തിനടപടി ഒഴിവാകും.

TAGS :

Next Story