Quantcast

കോഴിക്കോട്ടെ മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീതിയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം

MediaOne Logo

Web Desk

  • Published:

    21 Oct 2021 1:34 AM GMT

കോഴിക്കോട്ടെ മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
X

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ജില്ലാ കലക്ടർ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകി. കുമാരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിലയിരുത്തിയത്.

അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. കുമാരനെല്ലൂർ വില്ലേജിൽ പൈക്കാടൻ മല, കൊളക്കാടൻ മല, ഊരാളിക്കുന്ന്, മൈസൂർമല പ്രദേശങ്ങള്‍ ദുരന്ത സാധ്യതാ മേഖലയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി തേക്കുംകുറ്റി സ്കൂൾ, തോട്ടക്കാട് ഐഎച്ച്ആർഡി കോളജ് എന്നീ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളത്. ചീരാംകുന്ന്, മങ്കുഴി പാലം, മൈസൂര്‍ മല എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ തോട്ടുമുക്കം ഹയര്‍സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ക്യാമ്പിലേക്കോ ബന്ധു വീട്ടുകളിലേക്കോ മാറി താമസിക്കണമെന്ന് അധികൃതർ നിര്‍ദേശം നൽകി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കാരശ്ശേരി ആനയാംകുന്നില്‍ സ്കൂളിന്‍റെ ചുറ്റുമതിൽ വീടിന് മുകളിലേക്ക് വീണിരുന്നു എം.സി അലി ഫാസിലിന്‍റെ വീടിന്റെ മുകളിലേക്കാണ് ആനയാംകുന്ന് ജിഎൽപി സ്കൂളിന്റെ ചുറ്റു മതിൽ ഇടിഞ്ഞുവീണത്.

TAGS :

Next Story