ലേസർ ഷോ അഴിമതി: ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാലടക്കം 9 പേര്‍ക്കെതിരെ വിജിലൻസ് കേസ്
സാമ്പത്തിക ലാഭത്തിനായി പ്രതികൾ അധികാര ദുർവിനിയോഗം നടത്തിയെന്ന് എഫ്‌ഐആര്‍
കൊച്ചി: ലേസർഷോ അഴിമതിക്കേസിൽ ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാലിനെതിരെ വിജിലൻസ് കേസെടുത്തു. ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജി.സി.ഡി.എ മുൻ സെക്രട്ടറി ആർ.ലാലു ഉൾപ്പെടെ കരാറുകാരും ഉദ്യോഗസ്ഥരും അടക്കം ഒമ്പത് പേർക്കെതിരെയാണ് വിജിലൻസിന്റെ നടപടി.
2014 സെപ്തംബറിലാണ് എറണാകുളം രാജേന്ദ്ര മൈതാനിയിൽ വിശാല കൊച്ചി വികസന അതോറിറ്റി 'മഴവില്ലഴക്' എന്ന പേരിൽ ലേസർ ഷോ ആരംഭിച്ചത്. നഗരവാസികളേയും വിനോദസഞ്ചാരികളേയും ആകർഷിച്ച് അതിലൂടെ അതോറിറ്റിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി പാളിയതോടെ 2016ൽ ഷോ പൂർണമായും നിർത്തിവെച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന് പൊലീസിന് ലഭിച്ച പരാതി പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.
ലേസർ ഷോ നടത്തിയതിലൂടെ ജി.സി.ഡി.എക്ക് ഒരു കോടിയോളം രൂപ നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തി. കരാർ കമ്പനിക്ക് അനുകൂലമായി ഉപകരാർ വച്ചതും ഉപകരണങ്ങളുടെ വില യഥാർഥ വിലയേക്കാൾ കൂട്ടിക്കാണിച്ച് കൃത്രിമം നടത്തിയതായും വിജിലൻസ് കണ്ടെത്തി. സാമ്പത്തിക ലാഭത്തിനായി പ്രതികൾ അധികാര ദുർവിനിയോഗം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
Adjust Story Font
16