ഫണ്ട് തട്ടിപ്പ് വിവാദം: 'പ്രചരിക്കുന്നത് നട്ടാൽ കുരുക്കാത്ത നുണ'- ഡിവൈഎഫ്‌ഐ
അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം
തിരുവനന്തപുരം: പി. ബിജുവിന്റെ പേരിലുള്ള ഫണ്ട് തട്ടിപ്പ് വിവാഗത്തിൽ വിശദീകരണവുമായി ഡിവൈഎഫ്‌ഐ. പ്രചരിക്കുന്നത് വ്യാജ വാർത്ത. ആരോ പടച്ചുവിട്ട വാർത്തയെ മാധ്യമങ്ങൾ ഏറ്റെടുക്കരുതായിരുന്നു, എന്നാൽ വിശദീകരണ പത്രസമ്മേളനത്തിലും ഡിവൈഎഫ്‌ഐ കണക്ക് വെളിപ്പെടുത്തിയില്ല. പിരിച്ച തുകയുടെ കണക്ക് കൃത്യമായി കയ്യിലുണ്ട് അത് പുറത്തുവിടുമെന്നും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
''പൊതു സമൂഹത്തിൽ വളരെ ഉത്തരവാദിത്തത്തോട് കൂടി പൊതു പ്രവർത്തനം നടത്തുന്ന യുവജനപ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. വാർത്ത കിട്ടിയ മാധ്യമങ്ങളാരും ഡിവൈഎഫ്‌ഐയോട് വിശദീകരണം പോലും ചോദിച്ചില്ല. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നവർ അത് നിർത്തണം. കൃത്യമായ കണക്ക് ഓരോ ബ്ലോക്കിന്റെയും കയ്യിലുണ്ട്. അത് പുറത്തുവിടും, സാമ്പത്തിക തട്ടിപ്പ് എന്ന ആക്ഷേപം തള്ളിക്കളയുന്നു, ഇത് സംബന്ധിച്ച് സംഘടനയ്ക്ക് പരാതി കിട്ടിയിട്ടില്ല.'' ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ പറഞ്ഞു.
അന്തരിച്ച പി ബിജുവിൻറെ പേരിൽ ഫണ്ട് തട്ടിപ്പ് നടന്നെന്നാണ് ആരോപണം. പി ബിജുവിന്റെ സ്മരണാർഥം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റെഡ്‌കെയർ സെന്റർ തുടങ്ങാൻ തീരുമാനമായിരുന്നു. ഇതിലേക്ക് രണ്ടര ലക്ഷം രൂപ വീതം ഒരോ മേഖലാകമ്മിറ്റിയും പിരിച്ചു നൽകണമെന്നായിരുന്നു നിർദേശം. പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ഒമ്പത് മേഖലാകമ്മിറ്റികളാണ് ഉള്ളത്. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് പിരിച്ചെടുത്തത്. ആറുലക്ഷം രൂപ ഇതിൽ നിന്നും റെഡ്‌കെയർ സെന്ററനായി വിനിയോഗിച്ചു. എന്നാൽ ബാക്കി വരുന്ന തുകയെ സംബന്ധിച്ച യാതൊരു വിധ കണക്കുകളും പാളയം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. ഇവരുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നിട്ടുമില്ല.
എന്നാൽ അന്ന് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷാഹിൻ ഈ തുക കൈവശം വെച്ചിരുന്നു എന്നും അത് പുറത്ത് ചെലവഴിക്കുകയും ചെയ്തു എന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന ആരോപണം. കഴിഞ്ഞ മെയ് മാസം ചേർന്ന സിപിഎം പാളയം ഏരിയ കമ്മിറ്റിയോഗം ഇക്കാര്യം കണ്ടുപിടിക്കുകയും ഷാഹിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16