'തലവേദനയുണ്ടെങ്കിൽ തല വെട്ടിക്കളയുകയാണോ വേണ്ടത്'; മുതലപ്പൊഴി ഹാർബർ അടച്ചിടുന്നത് കെടുകാര്യസ്ഥതയെന്ന് ലത്തീൻ അതിരൂപത
മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നുവെന്ന് ഫാദർ യൂജിൻ പെരേര ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മുതലപ്പൊഴി യാത്ര ഒഴിവാക്കണമെന്ന സജി ചെറിയാന്റെ നിർദേശം തള്ളി ലത്തീൻ അതിരൂപത. തലവേദനയുണ്ടെന്ന് പറഞ്ഞാൽ ഉടനെ തല വെട്ടി കളയുകയാണോ ചെയ്യേണ്ടത്. ഹാർബർ അടച്ചിടുക എന്ന് പറഞ്ഞാൽ കെടുകാര്യസ്ഥതയാണെന്ന് ഫാദർ യൂജിൻ പെരേര മീഡിയ വണിനോട് പറഞ്ഞു. മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമായിരുന്നു സജി ചെറിയാന്റെ നിർദേശം. അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതിനെ ചൊല്ലി സര്‍ക്കാരും ലത്തീന്‍ രൂപതയും തമ്മില്‍ പോര് കനക്കുന്നതിനിടെയാണ് ഫാദർ യൂജിൻ പെരേര സജി ചെറിയാനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. ബോട്ടപകടം ഉണ്ടായ മുതലപ്പൊഴിയിലേക്ക് പോകാനെത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആർ അനിലും ആന്റണി രാജുവിനെയുമാണ് തടഞ്ഞത്. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞു.
തുടർച്ചയായി അപകടമുണ്ടായിട്ടും സർക്കാർ ഇടപെടാത്തത് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തു. കാര്യങ്ങൾ വിശദീകരിച്ച മത്സ്യത്തൊഴിലാളികളോട് ഷോ വേണ്ടെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകടമുണ്ടായ മുതലപ്പൊഴിയിലേക്ക് പോകാതെ മന്ത്രിമാർ മടങ്ങി. മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാം എന്ന് മന്ത്രി ആന്റണി രാജു വാക്ക് നൽകിയിരുന്നു.
മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാറിന്റെ കെടുകാര്യസ്ഥതയാണെന്ന് ലത്തീന്‍ സഭ നേരത്തെ പറഞ്ഞിരുന്നു. പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ല. അപകടങ്ങളുണ്ടാകുമ്പോഴത്തെ ജനങ്ങളുടെ പ്രതികരണം ഷോ ആണെന്ന മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്തപരമെന്നും കെ.ആര്‍.എല്‍.സി.സി(കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസില്‍) ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ പറഞ്ഞിരുന്നു.
Adjust Story Font
16