തൃക്കാക്കരയിൽ എൽ.ഡി.എഫ് പ്രചാരണം കൊഴുക്കും: മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ മുഖ്യമന്ത്രി
നിയമസഭയിൽ സെഞ്ച്വറി അടിക്കാനാണ് എൽഡിഎഫിന്റെ പരിശ്രമം
തൃക്കാക്കര പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ ഇടതുമുന്നണി ആവേശത്തിൽ. മുഖ്യമന്ത്രി കൂടി രംഗത്ത് ഇറങ്ങുന്നതോടെ പ്രചാരണം കൊഴുപ്പിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. ഇതോടെ യുഡിഎഫും പ്രചാരണം ശക്തമാക്കും. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം കഴിഞ്ഞതോടെ മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണവും ഇന്നുമുതൽ കൂടുതൽ വ്യാപിപ്പിക്കും.
നിയമസഭയിൽ സെഞ്ച്വറി അടിക്കാനാണ് എൽഡിഎഫിന്റെ പരിശ്രമം. അതിനുവേണ്ടി ക്യാപ്റ്റനെ തന്നെയാണ് എൽഡിഎഫ് കളത്തിൽ ഇറക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ ഓരോ ദിവസവും വിവിധ മന്ത്രിമാരും മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാൻ എത്തുന്നുണ്ട്. നാളെ ആരോഗ്യമന്ത്രി വീണ ജോർജ് മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വൈറ്റില വെസ്റ്റ്, തൃക്കാക്കര വെസ്റ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പര്യടനം നടത്തുക.
യുഡിഎഫ് സ്ഥാനാർത്ഥി മണ്ഡലം കൺവെൻഷനുകളുമായി മുന്നേറുകയാണ്. ഇന്ന് കടവന്ത്ര, തൃക്കാക്കര ഈസ്റ്റ് എന്നിവിടങ്ങളിലാണ് കൺവെൻഷനുകൾ . ഇളംകുളം, പൂണിത്തുറ എന്നിവിടങ്ങളിലാണ് പര്യടനം. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം കഴിഞ്ഞതോടെ ബിജെപി ക്യാമ്പും ആവേശത്തിലാണ്. വിവിധ നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളാണ് ബിജെപിയും ആസൂത്രണം ചെയ്യുന്നത്. മരണ-വിവാഹ വീടുകളും ആരാധനാലയങ്ങളുമൊക്കെ കയറിയാണ് ഓരോ സ്ഥാനാർഥികളുടെയും പര്യടനം പുരോഗമിക്കുന്നത്.
Adjust Story Font
16