പാലക്കാട്ട് പൊതുസ്വതന്ത്രന്‍ വരുമോ? ചേലക്കരയിൽ യു.ആർ പ്രദീപിന് സാധ്യത; എല്‍ഡിഎഫ് സ്ഥാനാർഥികളെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും
11ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാർഥികളെ തീരുമാനിക്കും
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ എല്‍ഡിഎഫ് സ്ഥാനാർഥികളെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. 11ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാർഥികളെ തീരുമാനിക്കും.
തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അതത് ജില്ലാ കമ്മിറ്റികൾക്ക് സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് പാർട്ടി നേതൃത്വത്തിലെ ആലോചന. 2016- 21 കാലഘട്ടത്തിൽ ചേലക്കരയിലെ എംഎൽഎ ആയിരുന്നു പ്രദീപ്.
പാലക്കാട് മണ്ഡലത്തിലേക്ക് വിവിധ പേരുകളാണ് പാർട്ടി പരിഗണനയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട്ട് മികച്ച സ്ഥാനാർഥിയെയാണ് പാർട്ടി ആലോചിക്കുന്നത്. പൊതുസ്വതന്ത്രനും പരിഗണനയിലുണ്ടെന്നാണ് വിവരം.
ചേലക്കരയിലെ എംഎൽഎ ആയിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂർ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപി ആയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്നും ജയിച്ചിരുന്നു.
Summary: LDF candidates for Palakkad and Chelakkara by-elections to be announced next week
Adjust Story Font
16