Quantcast

'മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തനം തന്നെ'; ആരോപണം ആവർത്തിച്ച് ഇ.പി ജയരാജൻ

ലോക ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നിട്ടുള്ളതെന്നും സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തിൽ ആസൂത്രിതമായാണ് പ്രതിഷേധകരെത്തിയതെന്നും എൽഡിഎഫ് കൺവീനർ

MediaOne Logo

Web Desk

  • Updated:

    2022-06-24 09:34:04.0

Published:

24 Jun 2022 9:28 AM GMT

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തനം തന്നെ; ആരോപണം ആവർത്തിച്ച് ഇ.പി ജയരാജൻ
X

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന് ഭീകരപ്രവർത്തനമാണെന്ന വാദം ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ലോക ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നിട്ടുള്ളതെന്നും സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തിൽ ആസൂത്രിതമായാണ് പ്രതിഷേധകരെത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഇത് കണ്ടിട്ടില്ലെങ്കിൽ നിയമപരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് അവർ ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നെന്നും ഇത് ഭീകര പ്രവർത്തനമാണെന്നും ഇ പി ജയരാജൻ മുമ്പ് പറഞ്ഞിരുന്നു. ഒരു മുഖ്യമന്ത്രിക്കുമെതിരെ ഭീകരൻമാരല്ലാതെ ഇങ്ങനെ വിമാനത്തിൽ പ്രതിഷേധിച്ചിട്ടില്ല. ജനപിന്തുണയില്ലാത്തിനാൽ ഭീകര പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. നേതൃത്വം അറിഞ്ഞു കൊണ്ടാണ് വിമാനത്തിലെ പ്രതിഷേധമെന്നും ജയരാജൻ മുമ്പ് പറഞ്ഞു.

മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നത്. അറസ്റ്റിലായിരുന്ന ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അരലക്ഷം രൂപയുടെ ബോണ്ട് പ്രകാരമാണ് ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടാലല്ലാതെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മൂന്നാം പ്രതി സുനിത്ത് നാരായണന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫിസും കലാപ ആഹ്വാനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. 'ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന നടത്തിയവർക്ക് എതിരെ കേസ് എടുക്കണം. യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിമാനത്തിൽ ആയാലും ട്രെയിനിൽ ആയാലും പ്രതിഷേധം പ്രതിഷേധം തന്നെയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.'ആദ്യം പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായത് എന്നാണ്. പിന്നീട് നേതാക്കൾ അത് തിരുത്തി. മുമ്പ് എം.വി രാഘവൻ സഞ്ചരിച്ച ട്രെയിനിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അക്രമം നടത്തിയവരാണ് സി.പി.എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story