Quantcast

'എന്താ അയാൾടെ പേര്? മറന്നുപോകുന്നു'; സരിന്റെ പേര് മറന്ന് എൽഡിഎഫ് കൺവീനർ

മാധ്യമപ്രവർത്തകര്‍ സരിൻ എന്ന് ഉറക്കെ പറഞ്ഞുകൊടുത്തിട്ടും കൺവീനർക്ക് പെട്ടെന്നു കത്തിയില്ല

MediaOne Logo

Web Desk

  • Updated:

    2024-10-22 00:51:11.0

Published:

21 Oct 2024 4:36 PM GMT

എന്താ അയാൾടെ പേര്? മറന്നുപോകുന്നു; സരിന്റെ പേര് മറന്ന് എൽഡിഎഫ് കൺവീനർ
X

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ പേരുമറന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സരിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ടി.പി രാമകൃഷ്ണൻ. രാഷ്ട്രീയമാണ് ഏറ്റവും പ്രധാനമെന്നും അത്തരത്തിൽ തങ്ങളുടെ രാഷ്ട്രീയം അംഗീകരിച്ച് കോൺഗ്രസിലെ പലരും ഇടതു മുന്നണിക്കൊപ്പം ചേരുന്നുണ്ടെന്ന് വിശദീകരിച്ചു അദ്ദേഹം. അത്തരത്തിലൊരാളാണ് സരിനെന്നു സ്ഥാപിക്കാനായിരുന്നു കൺവീനറുടെ ശ്രമം. എന്നാൽ, വായിൽ സ്വന്തം സ്ഥാനാർഥിയുടെ പേരു വന്നില്ല.

എന്നാൽ, ഒട്ടും മടികൂടാതെ മുന്നിലുള്ള മാധ്യമപ്രവർത്തകരോട് ചോദ്യമെറിഞ്ഞു: ''എന്താ അയാൾടെ പേര്?'' മാധ്യമപ്രവർത്തകര്‍ സരിൻ എന്ന് ഉറക്കെ പറഞ്ഞുകൊടുത്തിട്ടും കൺവീനർക്ക് അങ്ങ് പിടികിട്ടിയില്ല. ചോദ്യം വീണ്ടും ആവർത്തിച്ചു. മറുപടി ആവർത്തിച്ചുകേട്ടപ്പോഴാണ് പേര് കത്തിയത്: ''സരിൻ, സരിൻ..''

പിന്നാലെ ഒരു വിശദീകരണവും; ''എന്നോട് ആ പേരു മറന്നുപോകുകയാണ്! പേര് തെറ്റിപ്പോകേണ്ട എന്നതുകൊണ്ടാ..''

അൽപനിമിഷത്തെ പരിഭ്രമം വിട്ട് ഒട്ടും ഭാവവ്യത്യാസമില്ലാതെ കൺവീനർ വിഷയത്തിലേക്ക് തിരിച്ചെത്തി. സരിൻ കോൺഗ്രസിന്റെ ഉന്നതസ്ഥാനങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവർത്തിച്ചിരുന്നയാളാണെന്നും, പാലക്കാട് സീറ്റ് ബിജെപിക്ക് പതിച്ചുനൽകാൻ കോൺഗ്രസ് ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം വന്നതെന്നും അദ്ദേഹം തന്നെ പറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി ടി.പി രാമകൃഷ്ണൻ.

മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്ന ചോദ്യത്തോട് അത് പാലക്കാട്ട് പോയി നോക്കിയാൽ അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലക്കാട്ട് മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലായി മാറിയിട്ടുണ്ട്. പഴയ രാഷ്ട്രീയാന്തരീക്ഷമല്ല അവിടെ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ ഈ ശക്തമായ നില അവിടെ ഉയർന്നുവന്നിട്ടുണ്ട്. പാലക്കാട്ട് പോകുന്ന പത്രപ്രവർത്തകർക്ക് അവിടത്തെ അന്തരീക്ഷം ശരിയായ നിലയിൽ മനസിലാക്കാൻ സാധിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

Summary: LDF convener TP Ramakrishnan forgets the name of the Left Front independent candidate P Sarin in the Palakkad by-election.

TAGS :

Next Story