എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് ധർമ്മടത്ത് തുടക്കം
അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: വിവാദങ്ങൾക്കിടെ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ കുടുംബ സംഗമങ്ങളുമായി എൽ .ഡി എഫ് . ആദ്യ കുടുംബ സംഗമത്തിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇന്ന് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയാണ് കുടുംബ സംഗമങ്ങളുടെ ലക്ഷ്യം. എൽ.ഡി.എഫ് എം.എൽ.എമാർ അതാത് മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലും കുടുംബ സംഗമങ്ങളിൽ പങ്കെടുക്കണമെന്നാണ് തീരുമാനം.കരുവന്നൂർ ബാങ്ക് തട്ടിപ്പ്,സോളാർ കേസിലെ തിരിച്ചടി,മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ അഴിമതി ആരോപണം,വിലക്കയറ്റം തുടങ്ങി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിവാദ വിഷയങ്ങൾക്കിടെയാണ് എൽ.ഡി.എഫ് ജനപ്രതിനിധികൾ ജനങ്ങളോട് നേരിട്ട് സംവദിക്കാനെത്തുന്നത്.
സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര നീക്കങ്ങൾ,വലത് പക്ഷ മാധ്യമങ്ങളുടെ സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ തുടങ്ങിയവയും കുടുംബ സംഗമങ്ങളിൽ വിശദീകരിക്കും. രാവിലെ 10 മണിക്ക് വേങ്ങാട് ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ കുടുംബ സംഗമം.വരുന്ന അഞ്ച് ദിവസങ്ങളിലായി മണ്ഡലത്തിലെ 29 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.ഈ മാസം 10 മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പിലും കുടുംബ സംഗമങ്ങൾ ആരംഭിക്കും.മണ്ഡലത്തിലെ 33 കുടുംബ സംഗമങ്ങളിലാണ് ഗോവിന്ദൻ പങ്കെടുക്കുക.
Adjust Story Font
16