'സുരക്ഷ കേന്ദ്രത്തിന് കൈമാറേണ്ടിയിരുന്നില്ല'; ഗവർണരുടെ നീക്കത്തെ ഗൗരവത്തോടെ വീക്ഷിച്ച് സർക്കാർ
ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതും സംശയാസ്പദമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍
തിരുവനന്തപുരം: ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയതിനെ ഗൗരവമായിട്ടാണ് സർക്കാരും സി.പി.എമ്മും കാണുന്നത്. ഇതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതും സംശയാസ്പദമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്ന റിപ്പോർട്ടിലും ഇത്തവണ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഭരണത്തലവനായ ഗവർണർക്കാണ് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ളത്.അത് വിട്ടിട്ട് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എമ്മിന്‍റെയും സർക്കാരിന്‍റെയും വിലയിരുത്തല്‍. തെരുവ് പ്രതിഷേധത്തിന് തൊട്ട് പിന്നാലെ കേന്ദ്ര സേന എത്തിയതിനേയും സംശയത്തോടെയാണ് പാർട്ടി നോക്കിക്കാണുന്നത്. വൈകിട്ടോടെ പ്രതിഷേധത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോർട്ട് തേടിയതും ചില നീക്കങ്ങളുടെ ഭാഗമാണെന്ന് സർക്കാർ കരുതുന്നു.
കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവർണറുടെ പരാമർശവും ഇതിനോട് സർക്കാർ വൃത്തങ്ങള്‍ കൂട്ടി വായിക്കുന്നു. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോർട്ടിന്‍മേല്‍ കേന്ദ്രം എന്ത് നടപടിയെക്കും എന്നതും സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് നേരത്തെ പറഞ്ഞിട്ടുള്ള ഗവർണർ ഇത്തവണ കുറച്ച് കൂടി കടുപ്പിച്ച റിപ്പോർട്ടാണ് നല്‍കുകയെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ട് ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് സി.പി.എം തീരുമാനം. ഇതിന്‍റെ തുടക്കം എന്ന നിലയില്‍ നാളെ നിയമസഭയില്‍ തുടങ്ങുന്ന നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചർച്ചയെ ഇടത് മുന്നണി ഉപയോഗപ്പെടുത്തും. ചർച്ചയില്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് എംഎല്‍എമാർ ഗവർണക്കെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന.
Adjust Story Font
16