കോട്ടയം നഗരസഭാ അധ്യക്ഷയ്ക്കെതിരെ എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ഇന്ന്; ബിജെപിയുടെ നിലപാട് നിര്‍ണായകം
യുഡിഎഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ മുതലെടുക്കാനുള്ള നീക്കവും എല്‍ഡിഎഫ് നടത്തുന്നുണ്ട്
കോട്ടയം നഗരസഭാ അധ്യക്ഷയ്ക്ക് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കും. യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യ സീറ്റുകള്‍ ഉള്ളതിനാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും. യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ മുതലെടുക്കാനുള്ള നീക്കവും എല്‍.ഡി.എഫ് നടത്തുന്നുണ്ട്.
നഗരസഭാ അധ്യക്ഷയായ ബിന്‍സി സെബാസ്റ്റ്യന്‍റെ ഭരണത്തിലെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രതിക്ഷമായ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് പോലും കൃത്യമായി വിനിയോഗിക്കാത്തതിനാല്‍ ലാപ്പ്സ് ആയി പോകുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അവിശ്വാസത്തില്‍ ഉള്ളത്. നഗരസഭാ അധ്യക്ഷയുടെ ഭരണത്തിനെതിരെ ഭരണകക്ഷിയിലും എതിര്‍പ്പുകളുണ്ട്. ഇവര്‍ അവിശ്വാസത്തെ അനുകൂലിച്ചാല്‍ പ്രമേയം പാസാകും.
ബിജെപിയുടെ നിലപാടും നിര്‍ണ്ണായകമാണ്. ഭരണത്തില്‍ കടുത്ത അതൃപ്തിയുള്ള ബി.ജെ.പി കൌണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയാകും. 52 സീറ്റുകളുളള നഗരസഭയില്‍ 22 സീറ്റുകള്‍ വീതമാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉള്ളത്. യു.ഡി.എഫ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍റെ പിന്തുയിലാണ് യു.ഡി.എഫിന് 22 സീറ്റ് ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണത്തില്‍ എത്തിയത്.
Adjust Story Font
16