മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്
രാജ്ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്കും ഇടതുമുന്നണി ഇന്ന് പ്രക്ഷോഭം നടത്തും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്. രാജ്ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്കും ഇടതുമുന്നണി ഇന്ന് പ്രക്ഷോഭം നടത്തും. രാവിലെ പത്തര മുതൽ ഒരു മണി വരെയാണ് പ്രതിഷേധം. രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ 25,000 ത്തോളം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. രാജ്ഭവനു മുന്നിലെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൊല്ലത്ത് നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. എൽഡിഎഫിലും പ്രധാനപ്പെട്ട നേതാക്കൾ മറ്റു ജില്ലകളിലെ പരിപാടിയുടെ ഭാഗമാകും.
അതേസമയം ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ,ആഭ്യന്തര മന്ത്രി അമിത് ഷാ നിലപാട് അറിയിച്ചേക്കും.കൂടുതൽ കേന്ദസഹായം ആവശ്യപ്പെട്ട് ഇന്നലെ കേരളത്തിലെ എംപിമാർ നിവേദനം നൽകിയിരുന്നു. ദുരന്ത നിവാരണ ഭേദഗതി ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും. റെയിൽവേ ഭേദഗതി ബില്ലിന്മേൽ ചർച്ച തുടരും. രാജ്യസഭയിൽ ഏവിയേഷൻ ഭേദഗതി ബിൽ അവതരിപ്പിക്കും. ഇന്നലെ ബോയിലേഴ്സ് ബിൽ പാസാക്കിയിരുന്നു.
Adjust Story Font
16