Quantcast

എൽ.ഡി.എഫ് രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

ജീവനക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ

MediaOne Logo

Web Desk

  • Updated:

    2022-11-25 10:08:14.0

Published:

25 Nov 2022 9:07 AM GMT

എൽ.ഡി.എഫ് രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
X

തിരുവനന്തപുരം: എൽ.ഡി.എഫ് രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഏഴ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. രണ്ട് അഡീഷണല്‍ സെക്രട്ടറിമാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ്. സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ഗവര്‍ണറുടെ ചോദ്യത്തിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സര്‍വീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ഹണി, വൈസ് പ്രസിഡന്‍റ് ഇ.നാസര്‍, അംഗങ്ങളായ ഷൈനി,ജി ശിവകുമാര്‍,കെ.എന്‍ അശോക് കുമാര്‍,ഐ. കവിത, കല്ലുവിള അജിത് എന്നിവര്‍ക്കാണ് ചീഫ് സെക്രട്ടറി വി പി ജോയി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ചട്ടങ്ങള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എല്‍ഡിഎഫ് ഈ മാസം 15 ന് നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ടെന്ന് കാട്ടി ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ സമീപിക്കാനായിരിന്നു ഹൈക്കോടതി നിര്‍ദേശം.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് കഴിഞ്ഞതിന് പിന്നാലെ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കി ചീഫ് സെക്രട്ടറിക്ക് ബിജെപി പരാതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഏഴ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ എന്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായോ എന്ന് രാജ് ഭവന്‍ സര്‍ക്കാരിനോട് ചോദിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. സമരത്തില്‍ പങ്കെടുത്തവരോട് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി രാജ്ഭവനെ അറിയിക്കും

എന്നാല്‍ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. രാജ്ഭവന് പരാതി ലഭിച്ചതിനെ തുടർന്നാണ് ചീഫ്സെക്രട്ടറിയോട് വിശദീകരണം ചോദിച്ചത്. ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായി തനിക്ക് താത്പര്യമില്ലെന്നും ഗവർണർ പറഞ്ഞു.

ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണർക്കെതിരെ എൽ ഡി എഫിന്റെ രാജ്ഭവൻ ധർണ നടത്തിയത്. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. കേരളത്തിൽ ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും എൽ ഡി എഫ് കുറിച്ചത് പുതിയ ചരിത്രമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

TAGS :

Next Story