Quantcast

കേരള കോൺഗ്രസ് എമ്മിന് ഇത്തവണ രാജ്യസഭാ സീറ്റ് നൽകിയേക്കില്ല; അനുനയ ഫോർമുലയുമായി സി.പി.എം

ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സി.പി.എമ്മും മറ്റൊന്നിൽ സി.പി.ഐയും മത്സരിച്ചേക്കും

MediaOne Logo

Web Desk

  • Published:

    28 May 2024 1:08 AM GMT

LDF may not give Rajya Sabha seat to Kerala Congress M this time; CPM with persuasion formula, Rajyasabha elections 2024
X

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് ഇത്തവണ ഇടതു മുന്നണി രാജ്യസഭാ സീറ്റ് നൽകിയേക്കില്ല. ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സി.പി.എമ്മും മറ്റൊന്നിൽ സി.പി.ഐയും മത്സരിച്ചേക്കും. കേരള കോൺഗ്രസിനെ അനുനയിപ്പിക്കുനുള്ള ഫോർമുല സി.പി.എം തയാറാക്കുന്നുണ്ടന്നാണ് സൂചന. ആർ.ജെ.ഡിയും സീറ്റ് ആവശ്യമായി രംഗത്തുള്ളത് മുന്നണി നേതൃത്വത്തിന് തലവേദനയാണ്.

സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും കേരള കോൺഗ്രസ് എമ്മിൻ്റെ ജോസ് കെ. മാണിയുമാണ് ജൂലൈ ഒന്നിന് ഒഴിയുന്നത്. ഈ മൂന്ന് സീറ്റുകളിലേക്ക് ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതു മുന്നണിക്കു ജയിക്കാൻ കഴിയുക. ഇതിലൊന്ന് സി.പി.എം ഏറ്റെടുക്കും. അടുത്ത സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

സി.പി.ഐക്ക് സീറ്റ് നൽകി കേരള കോൺഗ്രസ് എമ്മിനെ മറ്റെന്തെങ്കിലും പദവി നൽകി അനുനയിപ്പിക്കാമെന്നാണ് സി.പി.എം നേതൃത്വം ആലോചിക്കുന്നത്. മുന്നണിയുടെ ഭാഗമായി വന്നപ്പോൾ ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് തയാറാവുന്നില്ല. എന്നാൽ സി.പി.എമ്മിന് സി.പി.ഐയെ പിണക്കാൻ കഴിയില്ല. അതുകൊണ്ട് കേരള കോൺഗ്രസിനെ അനുനയിപ്പിക്കാൻ വേണ്ടിയുള്ള ചില ഫേർമുലകൾ സി.പി.എം തയാറാക്കുന്നുണ്ടെന്നാണ് സൂചന. അതിൽ കേരള കോൺഗ്രസ് എം വഴങ്ങുമോ എന്ന കാര്യത്തിൽ നേതൃത്വത്തിന് വ്യക്തതയില്ല.

അപ്പോഴും ആർ.ജെ.ഡിയുടെ പിണക്കം പരിഹരിക്കാനുള്ള ഫോർമുല സി.പി.എം നേതൃത്വത്തിൽ ഉരിത്തിരിഞ്ഞില്ല. മുന്നണിയിലെ അവഗണന ഇനിയും സഹിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ആർ.ജെ.ഡി ഉള്ളത്. അതുകൊണ്ട് അടുത്ത തദ്ദേശ തെരഞ്ഞടുപ്പിന് മുൻപ് ആർ.ജെ.ഡിയുടെ മുന്നണി മാറ്റം അടക്കമുള്ള സംഭവങ്ങൾ ഉണ്ടായാലും അത്ഭുതപ്പെടാനില്ല.

അതേസമയം, രാജ്യസഭാ സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ വലിയ തർക്കങ്ങൾക്കു സാധ്യതയില്ല. യു.ഡി.എഫിന് ജയിക്കാൻ കഴിയുന്ന ഒരു സീറ്റിൽ മുസ്‍ലിം ലീഗ് മത്സരിക്കുമെന്ന ധാരണ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ജൂൺ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ആയിരിക്കും മുന്നണികൾ രാജ്യസഭാ സീറ്റ് ചർച്ചകളിലേക്ക് കടക്കുക.

Summary: LDF may not give Rajya Sabha seat to Kerala Congress M this time; CPM with persuasion formula

TAGS :

Next Story