Quantcast

15 സീറ്റിൽ സി.പി.എം, നാല് സീറ്റിൽ സി.പി.ഐ; ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും

സ്ഥാനാർഥി ചർച്ചകൾക്കായി സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    10 Feb 2024 1:08 AM GMT

cpm
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. 15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റ് സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും ആയിരിക്കും മത്സരിക്കുക. സ്ഥാനാർഥി ചർച്ചകൾക്കായി സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും.

16 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇടതുമുന്നിണിയിൽ ഉണ്ടായിരുന്ന തീരുമാനം. കേരള കോൺഗ്രസ് കൂടി മുന്നോടിയുടെ ഭാഗമായതോടെ ഒരു സീറ്റ് അവർക്ക് നൽകേണ്ടിവരും .സി.പി.എം മത്സരിച്ചുവരുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോൺഗ്രസ് എമ്മിന് നൽകുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ട് വെച്ചെങ്കിലും സി.പി.എം അത് അംഗീകരിച്ചില്ല. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റ് വിഭജനത്തിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അതിനുശേഷമായിരിക്കും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുക.സി.പി.എമ്മിന്‍റെ സംസ്ഥാന നേതൃ യേഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

മുതിർന്ന നേതാക്കൾക്കൊപ്പം ചില പുതുമുഖങ്ങളെയും രംഗത്തിറക്കാൻ ആണ് സി.പി.എമ്മിന്‍റെ ആലോചന. സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് അഭിപ്രായം തേടും. സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകും.തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട്, സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത് . തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും മാവേലിക്കരയിൽ എ.ഐ.വൈ.എഫ് നേതാവ് സി. എ അരുൺകുമാറും മത്സരിക്കാൻ ധാരണയായിട്ടുണ്ട്.വയനാട് ആനിരാജയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.

തിരുവനന്തപുരം സീറ്റിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല ഇതും ചർച്ചയ്ക്ക് വരും. കേരള കോൺഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റിൽ നിലവിലെ എം.പിയായ തോമസ് ചാഴികാടനോ ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണിയോ മത്സരിക്കാൻ സാധ്യതയുണ്ട്. ഈ മാസം പകുതിയോടെയെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്.



TAGS :

Next Story