'മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതും അജണ്ട'; കലാപം മണിപ്പൂരിൽ ഒതുങ്ങില്ലെന്ന് എം.വി.ഗോവിന്ദൻ
'സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ലോകം മുഴുവൻ അപലപിച്ചപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്'
ആലപ്പുഴ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയത് ഉൾപ്പെടെ അജണ്ട വെച്ച് നടപ്പിലാക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ ലോകം മുഴുവൻ അപലപിച്ചപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. പ്രതികളെ അറസ്റ്റ് ചെയ്യുകയെന്നത് സർക്കാരിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കലാപം മണിപ്പൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഗുജറാത്തിലാണ് വംശഹത്യയുടെ തുടക്കം. നിശബ്ദത തുടരാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമ്പോൾ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയിൽ സേവ് മണിപ്പൂർ കാമ്പയിന് തുടക്കമിട്ടുകൊണ്ടായിരുന്നു എം.വി.ഗോവിന്ദന്റെ പരാമർശം.
മണിപ്പൂർ കലാപത്തിനെതിരെ ഇടതുമുന്നണിയുടെ സേവ് മണിപ്പൂർ കാമ്പയിന് ഇന്നാണ് തുടക്കമായി. സംസ്ഥാന വ്യാപകമായി നിയമസഭാ നിയോജകമണ്ഡലം അടിസ്ഥാനത്തിലാകും പ്രതിഷേധ യോഗങ്ങളും ധർണയും. ഓരോ മണ്ഡലത്തിലും ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനം.
Adjust Story Font
16