നേതാക്കളെ കേസിൽ കുരുക്കി പ്രതിപക്ഷ പാർട്ടികളെ ബി.ജെ.പി വരുതിയിലാക്കുന്നു; ആരോപണം ശക്തം
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരംഭിച്ചതിനു ശേഷം 25 നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്
തിരുവനന്തപുരം: നേതാക്കളെ കേസിൽ കുരുക്കി പ്രതിപക്ഷ പാർട്ടികളെ ബി.ജെ.പി വരുതിയിലാക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരംഭിച്ചതിനു ശേഷം 25 നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിൽ കൂടുതൽ നേതാക്കളും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.
ഏജൻസി അന്വേഷണവും കൂറുമാറ്റവും ഇന്ത്യയിൽ തുടർക്കഥയാവുകയാണ്. 2014 മുതൽ അഴിമതി അന്വേഷണം നേരിടുന്ന 25 പ്രതിപക്ഷ നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. അതിൽ 23 പേർക്ക് കേസിൽ ഇളവ് ലഭിച്ചു. 25 കേസുകളിൽ മൂന്നു കേസുകൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. 20 എണ്ണം അന്വേഷണം നിർത്തിവെച്ചിരിക്കുകയാണ്.
10 നേതാക്കൾ കോൺഗ്രസിൽ നിന്നും എൻ.സി.പിയിൽനിന്നും ശിവസേനയിൽനിന്നും നാലുവീതവും ടി.എം.സിയിൽ നിന്ന് മൂന്നും ടി.ഡി.പിയിൽ നിന്ന് രണ്ടുപേരും എസ്പിയിൽ നിന്നും വൈഎസ്ആർസിപിയിൽ നിന്നും ഓരോരുത്തരും വീതമാണ് ബിജെപി പാളയത്തിലേക്ക് എത്തിയത്. ഇവരിൽ ആറ് പേർ ഈ വർഷം തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയക്കാർ ബി.ജെ.പിയിൽ ചേർന്നാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരില്ല എന്നതാണ് സമീപകാല ചരിത്രം. എന്നാൽ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോൾ അന്വേഷണം തുടരുകയാണെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ മറുപടി.മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണവും ഇപ്പോൾ നടക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള 12 പ്രമുഖ രാഷ്ട്രീയക്കാർ 25 പേരുടെ പട്ടികയിലുണ്ട്. അവരിൽ പതിനൊന്ന് പേർ 2022ലോ അതിനുശേഷമോ ആണ് ബി.ജെ.പിയിലേക്ക് എത്തിയത്.
2022ൽ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചു. ഒരു വർഷത്തിനുശേഷം അജിത് പവാർ വിഭാഗം എൻസിപിയിൽ നിന്ന് ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിൽ ചേർന്നു. അജിത് പവാറും പ്രഫുൽ പട്ടേലും നേരിട്ട കേസുകൾ പിന്നീട് അവസാനിപ്പിച്ചതായി ഏജൻസികൾ വ്യക്തമാക്കി.
Adjust Story Font
16