''പ്രോട്ടോക്കോൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി''; സിപിഎം സമ്മേളനത്തെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി
കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി അരുൺരാജാണ് ഹരജി നൽകിയത്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കെ സിപിഎം സമ്മേളന തുടരുന്നതിനെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. സി.പി.എം സമ്മേളനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടർമാരാണന്നും പരാതി വന്നാൽ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു കാറ്റഗറിയിലുംപെടാത്ത ജില്ലകളിൽ മുൻപ് പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട് ജില്ലാ കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കലക്ടർമാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി അരുൺരാജാണ് ഹരജി നൽകിയത്. സിപിഎം സമ്മേളനത്തിനായാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഇത് രോഗവ്യാപനം രൂക്ഷമാക്കുമെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, സമ്മർദത്തെ തുടർന്നല്ല ഉത്തരവ് പിൻവലിച്ചതെന്നാണ് കാസർകോട് ജില്ലാ കലക്ടറുടെ വിശദീകരണം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാത്രമേ എല്ലാ പരിപാടികളും നടത്താവൂവെന്നാണ് നേരത്തെ വീണാ ജോർജ് വ്യക്തമാക്കിയത്. സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും വാർത്താസമ്മേളനങ്ങളും സന്ദർശനങ്ങളുമെല്ലാം പ്രോട്ടോക്കോൾ പാലിച്ചുമാത്രമേ നടത്താവൂ. ഇതിൽ രാഷ്ട്രീയകക്ഷി ഭേദമൊന്നുമില്ലെന്നും എല്ലാവർക്കും ബാധകമാണെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ജില്ലാ കലക്ടർമാർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16