Quantcast

'പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂ'; വിമര്‍ശനവുമായി ഷാനിമോള്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉള്‍ക്കൊണ്ട് എന്ത് നടപടികളാണ് നേതൃത്വം സ്വീകരിച്ചതെന്ന് ഇനിയും പ്രവര്‍ത്തകര്‍ക്ക് മനസിലായിട്ടില്ല

MediaOne Logo

Web Desk

  • Published:

    3 May 2021 12:05 PM GMT

പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂ; വിമര്‍ശനവുമായി ഷാനിമോള്‍
X

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂവെന്ന് ഷാനിമോള്‍ ഉസ്മാന്‍. എതിരാളികളുടെ കയ്യിലെ ആയുധത്തെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതാണ് രാഷ്ട്രീയമെന്നും നേതൃത്വത്തിന് കൃത്യമായ വീഴ്ച സംഭവിച്ചുവെന്നും ഷാനിമോള്‍ പറഞ്ഞു.

രണ്ടാം നിര നേതാക്കളെ വിശ്വാസത്തിലെടുക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉള്‍ക്കൊണ്ട് എന്ത് നടപടികളാണ് നേതൃത്വം സ്വീകരിച്ചതെന്ന് ഇനിയും പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസമായിട്ടും ഓണ്‍ലൈനായിപ്പോലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിട്ടില്ല. ഇതൊക്കെ സംഘടനാ ദൗര്‍ബല്യത്തിന്റെ ഭാഗമാണെന്നും തെറ്റുകള്‍ തിരുത്തിവേണം മുന്നോട്ട് പോകാനെന്നും ഷാനിമോള്‍ വ്യക്തമാക്കി.

അതേസമയം കേരളത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി പറഞ്ഞു. പ്രവർത്തകർ പരാജയത്തിൽ നിരാശരാകരുത്. സമയമാകുമ്പോൾ ശക്തമായി തിരിച്ചുവരാൻ കഴിയും. ഇപ്പോൾ ഒരു പോസ്റ്റ്‌മോർട്ടത്തിന്‍റെ സമയമല്ലെന്നും എ.കെ ആന്‍റണി മീഡിയവണ്ണിനോടു പറഞ്ഞു.

കോൺഗ്രസിനെപ്പോലെ പരീക്ഷണങ്ങൾ നേരിട്ട, പരാജയങ്ങളെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ പാർട്ടിയുമില്ല. പരാജയങ്ങളെയോർത്ത് ഒളിച്ചോടുകയല്ല വേണ്ടതെന്നും ആന്‍റണി വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം എപ്പോഴും വിജയിക്കാന്‍ മാത്രമാണെന്ന് കരുതരുത്. ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരാരുമില്ല. പരാജയങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് വളർത്തിയെടുക്കുകയാണെങ്കിൽ കഴിഞ്ഞ കാലങ്ങളിലെന്നപോലെ സമയമാകുമ്പോള്‍ ശക്തമായി തിരിച്ചുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story