ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്, അണികൾ അസ്വസ്ഥർ: ഇ.പി ജയരാജൻ
''കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് ഇനിയും നിൽക്കണോ എന്ന് ലീഗ് ആലോചിക്കണം''
കണ്ണൂർ: മുസ്‌ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് ഇനിയും നിൽക്കണോ എന്ന് ലീഗ് ആലോചിക്കണം. ലീഗ് അണികൾ അസ്വസ്ഥരാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ മൃതുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് ലീഗിനെ അവഗണിക്കുന്നത്. കോൺഗ്രസ് ജാഥയിൽ ലീഗിനെ അടുപ്പിക്കുന്നില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു. കാസര്‍കോട് സി.പി.എം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.
നേരത്തെ സമാന പ്രസ്താവന മന്ത്രി പി രാജീവും നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംസീറ്റിനായി മുസ്ലീം ലീഗ് ദയനീയമായി യാചിക്കുകയാണ്. നിയമസഭയില്‍ മൂന്നിലൊന്നുപ്രാതിനിധ്യം ഉണ്ടായിട്ടും ഇതാണ് ഗതികേട്. അപമാനം സഹിച്ച് യുഡിഎഫില്‍ തുടരണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നുമായിരുന്നു പി.രാജീവിന്റെ പ്രസ്താവന.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്നതിൽ മുസ്‍ലിം ലീഗ് വിട്ട് വീഴ്ച്ചക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം സീറ്റ് സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ നാളത്തെ യു.ഡി.എഫ് യോഗം മാറ്റി. കോൺഗ്രസ് - ലീഗ് ഉഭയകക്ഷി ചർച്ചയാണ് നടക്കുക. ലീഗ് കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന ആശങ്ക കോൺഗ്രസിനും ഉണ്ട്. നാളത്തെ ചർച്ചയോടെ മൂന്നാം സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
Adjust Story Font
16