Quantcast

ലോക്സഭയിൽ മൂന്നാം സീറ്റിനായി ലീഗ്; കണ്ണൂർ, വടകര സീറ്റുകൾ പരിഗണനയിൽ

നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യം ഉന്നയിക്കും.

MediaOne Logo

Web Desk

  • Published:

    30 Jan 2024 7:44 AM GMT

ലോക്സഭയിൽ മൂന്നാം സീറ്റിനായി ലീഗ്; കണ്ണൂർ, വടകര സീറ്റുകൾ പരിഗണനയിൽ
X

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ്. നാളെ നടക്കുന്ന കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യം ഉന്നയിക്കും. കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലമോ, കണ്ണൂര്‍ ലോക്സഭാ മണ്ഡലമോ ആകും ലീഗ് ആവശ്യപ്പെടുക.

ലോക്സഭയില്‍ മുസ്‍ലിം ലീഗ് പ്രതിനിധീകരിക്കുന്ന പൊന്നാനി, മലപ്പുറം മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റൊരു സീറ്റ് കൂടി വേണം എന്നാണ് ലീഗ് ആവശ്യം. മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്ന് നേരത്തെ തന്നെ ലീഗ് നേതാക്കള്‍ സൂചന നല്‍കിയിരുന്നു, ലീഗിന് മൂന്നാമതൊരു സീറ്റിന് അര്‍ഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത്.

കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ സീറ്റ് ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനും ആശയക്കുഴപ്പം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മൂന്നാം സീറ്റ് ലഭിച്ചാല്‍ കെ.എം ഷാജിയെ മത്സരിപ്പിക്കാനാകും സാധ്യത.എന്നാല്‍ സീറ്റ് വിഭജനത്തില്‍ മുന്നണിക്കെതിരെ ഉണ്ടാകാനുള്ള പ്രചാരണവും, വിജയ സാധ്യതയും അടക്കം എല്ലാ ഘടകങ്ങളും പരിശോധിച്ചാകും ലീഗും, കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലേക്ക് എത്തുക.

അതേസമയം, നിലവിലെ സിറ്റിംഗ് സീറ്റുകളായ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ചെറിയ മാറ്റത്തിനും സാധ്യതയുണ്ട്.പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറം മണ്ഡലത്തിലും, മലപ്പുറം എം.പി അബ്ദുസമദ് സമദാനി പൊന്നാനി മണ്ഡലത്തിലും മത്സരിക്കുന്ന കാര്യം ലീഗ് പരിഗണനയിലുണ്ട്. പൊന്നാനിയില്‍ ഇത്തവണ കട‌ുത്ത മത്സരം ഉണ്ടാകാനിട‌യുണ്ട് എന്ന വിലയിരുത്തലില്‍ കൂടിയാണ് മുതിര്‍ന്ന നേതാക്കളെ തന്നെ മണ്ഡലത്തില്‍ ലീഗ് പരിഗണിക്കുന്നത്.

TAGS :

Next Story