Quantcast

''ലീഗ് ലിംഗവിവേചനം നടത്തുന്ന പാർട്ടിയല്ല''; മുഖ്യമന്ത്രിക്ക് സാദിഖലി തങ്ങളുടെ മറുപടി

പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന സ്ത്രീവിരുദ്ധ ഇടപെടലിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    4 Oct 2021 10:04 AM GMT

ലീഗ് ലിംഗവിവേചനം നടത്തുന്ന പാർട്ടിയല്ല; മുഖ്യമന്ത്രിക്ക് സാദിഖലി തങ്ങളുടെ മറുപടി
X

ഹരിത വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മുസ്‍ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി. ലീഗ് ലിംഗവിവേചനം നടത്തുന്ന പാർട്ടിയല്ല. ലീഗിനോളം വനിതകളെ പരിഗണിച്ചവരുണ്ടാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമസഭയിലായിരുന്നു ഹരിത വിഷയത്തിൽ ലീഗിന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

മുസ്‌ലിം ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിന് രണ്ടായിരത്തിലധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ കൊണ്ടുവരികയാണ് ചെയ്തത്. ഇതിൽ പിന്നെ എവിടെയാണ് ലിംഗ വിവേചനമുള്ളത്? നിയമസഭയിലെ വിവാദങ്ങൾക്ക് അവിടെത്തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ഹരിതയ്‌ക്കെതിരായ ലീഗ് നടപടി പ്രതിപക്ഷമാണ് നിയമസഭയിലുന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയിൽ ഉയർത്തിയത്. ഹരിതയ്‌ക്കെതിരായ നടപടി സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിയും സംസാരിച്ചു.

'സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള പദ്ധതികൾ സർക്കാർ നടത്തുന്നുണ്ട്. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന സ്ത്രീവിരുദ്ധ ഇടപെടലിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ മാറിനിൽക്കണം. അതാണ് സർക്കാർ നിലപാട്. സ്ത്രീകൾക്കെതിരായ നീക്കങ്ങൾ സമൂഹത്തിൽ ഇല്ലാതായിട്ടില്ല. സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെ സംസ്ഥാനം പണ്ടുമുതൽ എതിർത്തിട്ടുണ്ട്. സ്ത്രീ സംരക്ഷണത്തിന് സ്വീകരിച്ച പൊതുസമീപനത്തിന്റെ തുടർച്ചയുണ്ടാവണം.'' പ്രസംഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതെങ്കിലും ആളുകൾക്ക് അപഭ്രംശം വന്നിട്ടുണ്ടെങ്കിൽ തിരിച്ചറിഞ്ഞ് തിരുത്തണം. സ്ത്രീകളുടെ തുല്യപദവിയും തുല്യനീതിയും അംഗീകരിക്കാനുള്ള നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒരേമനസ്സോടെ ഈ കാര്യത്തിന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഹരിത'യുടെയും ലീഗിന്റെയും പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ഇത് ചോദ്യോത്തര വേളയിൽ ഭരണ-പ്രതിപക്ഷ വാക്ക്‌പോരിന് ഇടയാക്കിയിരുന്നു.

TAGS :

Next Story