Quantcast

ലീഗ്- സമസ്ത വിവാദം; സമസ്തയിലെ ഇടത് അനുകൂലികൾക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്‍ലിം ലീഗ്

പി.എം.എ.സലാമിന്റെ പരാമർശം വിവാദമാക്കിയതുള്‍പ്പെടെ സമസ്തയിലെ ഇടത് അനുകൂലികളാണെന്ന ബോധ്യത്തിൽ നിന്നാണ് സമസ്തയിലെ ഇടത് അനുകൂലികള്‍ക്കെതിരെ കർശന നിലപാടെടുക്കാന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Published:

    11 Oct 2023 1:02 AM GMT

ലീഗ്- സമസ്ത വിവാദം; സമസ്തയിലെ ഇടത് അനുകൂലികൾക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്‍ലിം ലീഗ്
X

കോഴിക്കോട്: സമസ്തയിലെ ഇടത് അനുകൂലികളെ തുറന്നെതിർക്കാന്‍ മുസ്‍ലിം ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടത് അനുകൂല മനസുള്ളവരാണന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ നീക്കം. പി.എം.എ സലാം വിവാദത്തിൽ സാദിഖലി തങ്ങളുടെ പ്രതികരണവും തുടർന്നുള്ള ലീഗ് നേതാക്കളുടെ പ്രസ്താവനകളും ലീഗ് തീരുമാനത്തിന്റെ പ്രതിഫലനമാണ്.

പി.എം.എ.സലാമിന്റെ പരാമർശം വിവാദമാക്കിയതുള്‍പ്പെടെ സമസ്തയിലെ ഇടത് അനുകൂലികളാണെന്ന ബോധ്യത്തിൽ നിന്നാണ് സമസ്തയിലെ ഇടത് അനുകൂലികള്‍ക്കെതിരെ കർശന നിലപാടെടുക്കാന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചത്. ലീഗിനെതിരായ സമസ്തയിലെ നീക്കങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന വാദവും ലീഗ് ആവർത്തിച്ച് ഉന്നയിക്കും.

സി.ഐ.സി ഉള്‍പ്പെടെ സമസ്തയുമായുളള തർക്കം തീർക്കാന്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ ചർച്ചകള്‍ നടത്തി വരികയാണ്. എന്നാല്‍ സമവായ സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ഒരു വിഭാഗം സമസ്ത നേതാക്കള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ലീഗ് വിലയിരുത്തല്‍. പി.എം.എ.സലാമിന്റെ പരാമർശം വിവാദമാക്കിയതും സമസ്തയിലെ ഇടത് അനുകൂലികളാണെന്നും ലീഗ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സമസ്തയെ അംഗീകരിച്ചുകൊണ്ടു തന്നെ അതിലെ ഇടത് അനുകൂലികള്‍ക്കെതിരെ കർശന നിലപാടെടുക്കാന്‍ ലീഗ് തീരുമാനിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി കർശന സ്വരത്തിലുള്ള സാദിഖലി തങ്ങളുടെ വാക്കുകള്‍ ആ സൂചന നൽകി. പിന്നാലെ പരസ്യ വിമർശനമുയർത്തിയ പി.എം.എ.സലാം സമസ്തയിലെ ലീഗ് വീരുദ്ധനീക്കങ്ങള്‍ക്ക് പിന്നിൽ സി.പി.എമ്മാണെന്ന സൂചനയും നൽകി.

സമസ്തയിലെ ഇടത് അനുകൂല വിഭാഗത്തിന്റെ പിന്തുണ തെരഞ്ഞെടുപ്പില്‍ ലീഗ് പ്രതീക്ഷിക്കുന്നില്ല. അതിനാൽ അവരോട് നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ലീഗ് കരുതുന്നു. മാത്രമല്ല സമസ്തയില്‍ ഭിന്നത വളർത്തികൊണ്ടുവരുന്നതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന പ്രചരണം നടത്തുന്നത് രാഷ്ട്രീയമായ ഗുണം ചെയ്യുമെന്നും ലീഗ് വിശ്വസിക്കുന്നു. സമസ്തക്ക് വഴങ്ങുന്നുവെന്ന പ്രതീതി മറ്റു മുസ്‍ലിം സംഘടനകള്‍ക്കുണ്ടാക്കുന്ന അതൃപ്തി മറികടക്കാനും ഈ നിലപാട് സഹായിക്കുമെന്ന് ലീഗ് കരുതുന്നു. അതേസമയം, ലീഗിന്റെ ഈ നിലപാടിനെ സമസ്ത എങ്ങനെ സമീപിക്കും എന്നതനുസരിച്ചാകും ഈ തീരുമാനത്തിന്റെ പ്രതിഫലനമുണ്ടാവുക.

TAGS :

Next Story