മൂന്ന് ടേം നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പിലാക്കാൻ ലീഗ്
മൂന്ന് തവണ എംഎൽഎമാരായവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം

കോഴിക്കോട്: മൂന്ന് ടേം നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പിലാക്കാൻ മുസ്‍ലിം ലീഗ്. മൂന്ന് തവണ എംഎല്‍എമാരായവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിങ്ങനെ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ആലോചനയുണ്ട്.
അതേസമയം ലീഗിലെ നിയമസഭാ ടേം വ്യവസ്ഥ സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ അജണ്ടയിൽ ഇല്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. യുഡിഎഫ് സംവിധാനം ശക്തിയായി പോകാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും. അതിനൊപ്പം നിൽക്കാൻ യുഡിഎഫ് നേതാക്കളും ഘടകകക്ഷികളും തയ്യാറാകണമെന്നും സലാം വ്യക്തമാക്കി.
പി.കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), എം.കെ മുനീർ(കൊടുവള്ളി), പി.കെ ബഷീർ(ഏറനാട്), മഞ്ഞളാംകുഴി അലി(മങ്കട), പി.ഉബൈദുല്ല(മലപ്പുറം),എന്‍.എ നെല്ലിക്കുന്ന്(കാസർകോട്), അഡ്വ. എന്‍ ഷംസുദ്ദീന്‍(മണ്ണാർക്കാട്) എന്നീ ഏഴ് പേരാണ് മൂന്ന് തവണയോ അതില്‍ കൂടുതലോ തുടർച്ചയായി എംഎല്‍എ ആയവർ.
പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇളവ് നല്‍കും. എം.കെ മുനീറിന് മത്സരിക്കാന്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇളവ് നല്‍കാമെന്നതാണ് നേതൃത്വത്തില്‍ നിലവിലുള്ള ധാരണ. പി.കെ ബഷീർ , മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, പി. ഉബൈദുല്ല, അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നീ അഞ്ചു പേർക്ക് അവസരം നിഷേധിക്കാന്‍ സാധ്യത ഏറെയാണ്. മികച്ച പാർലമെന്റേറിയനായ അഡ്വ. എന്‍ ഷംസുദ്ദീന് അവസരം നല്‍കുകയും ഭരണം കിട്ടിയാല്‍ മന്ത്രിയാക്കുകയും വേണമെന്ന് അഭിപ്രായം പാർട്ടിയിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ 2020ല്‍ തന്നെ മുസ്‌ലിം ലീഗ് നടപ്പാക്കിയതാണ്. ഇത്തവണയും ഈ വ്യവസ്ഥ ബാധകമാക്കണമെന്ന് മുസ്‌ലിം ലീഗിന്‍റെ മലപ്പുറം ജില്ലാ നേതൃയോഗങ്ങളില്‍ അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായത്തെ ശക്തമായി എതിർക്കാന്‍ മുന്നിലുണ്ടായിരുന്നത് ഏറനാട് എംഎല്‍എ പി.കെ ബഷീറായിരുന്നു.
Adjust Story Font
16