'കേട്ടുകേൾവിയില്ലാത്ത ദുരനുഭവമാണുണ്ടായത്, ലീല അനാഥയാവില്ല'; വി.ഡി. സതീശൻ
വീട്ടിൽ നിന്നും ലീല ഇറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് രമേശ് ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തത്
കൊച്ചി: എറണാകുളം പറവൂരില്‍ സഹോദര പുത്രൻ വീട് തകർത്ത് ഇറക്കിവിട്ട ലീലയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേട്ടുകേൾവിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല അനാഥയാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയെ പൊലീസ് ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷ. ലീലയ്ക്ക് സുരക്ഷിതമായി താമസിക്കാൻ താൽക്കാലിക ഷെഡൊരുക്കും. തർക്ക ഭൂമിയായതിനാൽ മറ്റ് നിർമാണങ്ങൾ പാടില്ലാത്തതിനാലാണിത്. സംഭവം പുറത്തറിഞ്ഞ ഉടൻ തന്നെ എം.എൽ.എ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹോദരന്റെ പേരിലുള്ള വീടിനെ ചൊല്ലി സഹോദര പുത്രൻ രമേശും പറവൂർ പെരുമ്പടന്ന സ്വദേശി ലീലയും തമ്മിൽ തർക്കം നിലനിന്നിരുന്നു. വീട്ടിൽ നിന്നും ലീല ഇറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് രമേശ് ജെസിബി ഉപയോഗിച്ച് വീട് തകർത്തത്. ഇതോടെ പോകാൻ മറ്റൊരു ഇടമില്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയേണ്ട അവസ്ഥയിലായിരുന്നു ലീല.
ലീല നൽകിയ പരാതിയിൽ നോർത്ത് പറവൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതിക്രമിച്ച് കയറിയതിനും, വീട്ടിൽ നാശനഷ്ടം വരുത്തിയത്തിനുമാണ് കേസ്. രമേശിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ലീലയ്ക്ക് നാട്ടുകാർ താത്കാലിക ആശ്വാസമൊരുക്കിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലത്ത് ഷെഡ്ഡ് ഒരുക്കി നൽകി. ലീലയുടെ ദുരവസ്ഥ മീഡിയ വൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നാട്ടുകാരുടെ ഇടപെടൽ.
Adjust Story Font
16