Quantcast

ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

‘ബി.ജെ.പി, യു.ഡി.എഫ്‌, മാധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും’

MediaOne Logo

Web Desk

  • Updated:

    2024-04-27 03:16:18.0

Published:

26 April 2024 4:33 PM GMT

ldf
X

തിരുവനന്തപുരം: ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയാണ്‌ വോട്ടർമാരുടെ പ്രതികരണങ്ങൾ നൽകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ അവഗണിച്ചും പോളിങ്‌ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്യുകയാണ്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കള്ളപ്രചാരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച്‌ സമാധാനപൂർണമായാണ്‌ കേരളത്തിൽ പോളിങ്‌ പൂർത്തിയാക്കിയത്‌.

ബി.ജെ.പി ഭരണത്തിന്‌ കീഴിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്രനിർമിതിക്കുള്ള സംഘപരിവാർ ശ്രമങ്ങളും ജനസമക്ഷം അവതരിപ്പിച്ചാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും നിയമനിർമാണങ്ങളെയും ശക്തമായി എതിർക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിൽ അത്യന്താപേക്ഷിതമാണെന്ന്‌ വോട്ടർമാരെ ബോധ്യപ്പെടുത്താനും എൽ.ഡി.എഫിനായി.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെയും വോട്ടർമാരെ ഒരിക്കൽക്കൂടി ഓർമിപ്പിക്കാനും തെരഞ്ഞെടുപ്പ്‌ വേദിയായി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ തുറന്നുകാണിക്കാനും ഇടതുപക്ഷത്തിനായി.

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളോട്‌ മികച്ച രീതിയിലുള്ള പ്രതികരണമാണ്‌ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. ഈ ഘടകങ്ങളെല്ലാം പോളിങ്ങിൽ പ്രതിഫലിക്കും. അശ്ലീലവും വ്യാജകഥകളും പ്രചരിപ്പിച്ചാണ്‌ യു.ഡി.എഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.

അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ്‌ യു.ഡി.എഫ്‌ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്‌. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം കൂടി. ബി.ജെ.പി, യു.ഡി.എഫ്‌, മാധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും. എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം.

യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കുതന്ത്രങ്ങളെയും അധിക്ഷേപങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച്‌ സമാധാനപൂർണമായി പ്രചാരണപ്രവർത്തങ്ങളിൽ സജീവമാവുകയും എൽ.ഡി.എഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്‌ത പ്രവർത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ അറിയിച്ചു.

TAGS :

Next Story