'ഇടതുപക്ഷം തരൂരിന് സ്വീകാര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി': ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
'നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമർശനവും ഈ വലതുവൽക്കരണം തന്നെയാണ്'

കോട്ടയം: കേരളത്തിലെ വ്യവസായ മേഖലയെ പ്രശംസിച്ച് കൊണ്ടുള്ള ശശി തരൂരിന്റെ ലേഖനത്തിൽ പ്രതികരണവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമർശനവും ഈ വലതുവൽക്കരണം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ശശി തരൂർ എന്ന എഴുത്തുകാരനെയും ചിന്തകനെയും എനിക്ക് ഇഷ്ടമാണ്. എന്നാൽ ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും എനിക്ക് അദ്ദേഹത്തിന്റെ മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളോട് വിയോജിപ്പാണ്. ഈ പശ്ചാത്തലത്തിൽ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ച് വിവാദങ്ങൾ നടക്കുകയാണല്ലോ. ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വികസന നയങ്ങൾ ശക്തമായി പിന്തുടരുന്ന തരൂർ ഒരു ഇടതുപക്ഷ സർക്കാരിന്റെ വികസന നയത്തെ അഭിനന്ദിക്കണമെങ്കിൽ അതിൽ രണ്ടു വായനകളാണ് സാധ്യം. ഒന്നുകിൽ തരൂർ ആശയപരമായി ഇടതുപക്ഷത്തേക്ക് മാറണം. അതിന് വിദൂര സാധ്യത പോലും ആരും കാണില്ല. രണ്ടാമത്തെ സാധ്യത ഇടതു പക്ഷം തരൂരിന് സ്വീകാര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി എന്നാണ്. അതാണ് സംഭവിക്കുന്നത് എന്നാണ് എന്റെ വായന. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമർശനവും ഈ വലതുവൽക്കരണം തന്നെയാണ്," ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ചത്. വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ ശശി തരൂരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
Adjust Story Font
16