Quantcast

ഡി.സി.സി സെമിനാറിൽ സംഘ്പരിവാർ വാദങ്ങളുയർത്തി ഇടതുപക്ഷചിന്തകൻ

മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ 'ഡിവൈഡ് ആൻഡ് റൂൾ 1921 -2021'ചരിത്ര സെമിനാറിലാണ് ഹമീദ് ചേന്ദമംഗല്ലൂർ സംഘ്പരിവാർ വാദങ്ങളുയർത്തിയത്‌

MediaOne Logo

Web Desk

  • Updated:

    2021-10-17 10:25:03.0

Published:

17 Oct 2021 10:24 AM GMT

ഡി.സി.സി സെമിനാറിൽ സംഘ്പരിവാർ വാദങ്ങളുയർത്തി ഇടതുപക്ഷചിന്തകൻ
X

മലബാർ കലാപകാരികൾക്ക് ഖിലാഫത്ത് പ്രചോദനമായപ്പോൾ ഒരുവേള വർഗീയത കടന്നുവന്നെന്നും കലാപകാലത്ത് നിരവധി പേരെ ഇസ്‌ലാമിലേക്ക് മതംമാറ്റിയിട്ടുണ്ടെന്നും അവ ചരിത്രസത്യമാണെന്നും ഇടതുപക്ഷ ചിന്തകൻ ഹമീദ് ചേന്ദമംഗല്ലൂർ. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ 'ഡിവൈഡ് ആൻഡ് റൂൾ 19212021'ചരിത്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റുകാരെന്ന പേരിൽ പലരെയും കൊന്നു. പലരെയും ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു, ഒറ്റുകാരെ മതംമാറ്റിയത് എന്തിനായിരുന്നു? അദ്ദേഹം ചോദിച്ചു. മുസ്‌ലിം വലതുപക്ഷം കലാപകാരികളെ മാലാഖമാരാക്കുന്നതും സംഘ്പരിവാരം അവരെ ചെകുത്താനാക്കുന്നതും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളെ ദേശീയ പ്രസ്ഥാനത്തിൽ അണിനിരത്താൻ ഖിലാഫത്ത് പ്രസ്ഥാനത്തെയും കോൺഗ്രസിനെയും യോജിപ്പിച്ച് പ്രവർത്തിപ്പിച്ചത് അബദ്ധമായിരുന്നു. മുഹമ്മദലി ജിന്ന ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപത്തിൽ മാപ്പിളമാരുടെ സമാന പ്രശ്‌നം അനുഭവിച്ച ഹിന്ദു കുടിയാന്മാർ സമരരംഗത്തിറങ്ങിയില്ല. തൊട്ടുകൂടായ്മയും അനുഭവിച്ച അവരായിരുന്നില്ലേ ആദ്യം സമരത്തിനിറങ്ങേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ബ്രിട്ടീഷുകാരുടെ കാലുനക്കിയവരിൽനിന്ന് രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അവരുടെ ദേശീയത, ഒ.വി വിജയൻ പറഞ്ഞത് പോലെ പാറയിൽ പോലും വേര് പിടിക്കുന്ന വിഷവൃക്ഷമാണെന്നും മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ 'ഡിവൈഡ് ആൻഡ് റൂൾ 19212021'ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഹിറ്റ്‌ലറിനെ പോലെ ഇവർക്കും ഒരു പൊതുശത്രുവിനെ വേണം അത് മുസ്‌ലിമാകാം, ന്യൂനപക്ഷമാകാം ആരുമാകാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഹിന്ദുത്വയും ഹിന്ദുവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അവരുടേയും നമ്മുടെയും ദേശീയത വ്യത്യസ്തമാണ്. അവർക്ക് ഗാന്ധിയെയും നെഹ്‌റുവിനെയും പേടിയാണ് -അദ്ദേഹം പറഞ്ഞു.

മാപ്പിളമാരുടെ വസ്ത്രം ധരിച്ചതിന് സ്വതന്ത്ര്യ സമരസേനാനിയും കോൺഗ്രസ് - ഖിലാഫത്ത് നേതാവുമായ എം.പി നാരായണമേനോനെ ചോദ്യം ചെയ്ത ബ്രിട്ടീഷുകാരോട് അതിനെന്താണ് കുഴപ്പമെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചെന്നും അവരാണ് നമ്മുടെ നാടിന്റെ മതമൈത്രിയുടെ ആളുകളെന്നും അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത് ജയിലിലാക്കിയത് നാരായണൻ നായരാണെന്നും തിരൂരങ്ങാടി പള്ളിക്ക് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞത് ഹിന്ദുവല്ല, പൊലീസുകാരൻ ആമുവാണെന്നും ആലി മുസ്‌ലിയാരെ പിടികൂടി കൊല്ലാൻ കൊണ്ടുപോയതും ഇയാളാണെന്നും സമദാനി പറഞ്ഞു. വി.ടി ബൽറാം, വി.എസ്. ജോയ് തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.

TAGS :

Next Story