'വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും; കുറ്റവാളികൾ കോൺഗ്രസ് മാത്രം'-സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്
മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിലും നിയമസഭയിലും സിപിഎം ശക്തമായി എതിർത്തിരുന്നു. ബിൽ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
കോട്ടയം: വഖഫ് വിഷയത്തിൽ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി നിഴലിലാണെന്നും രാജ്യത്ത് വഖഫ് നിയമം അടിപ്പേൽപ്പിച്ച കോൺഗ്രസ് മാത്രമാണ് ഇതില്‍ യഥാർഥ കുറ്റവാളികളെന്നും റെജി ലൂക്കോസ് ആരോപിക്കുന്നു. കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും നിങ്ങളുടെ സമ്പത്ത് വഖഫ് ബോർഡിനു നൽകുന്നതിനുള്ള സമ്മതപത്രമായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നല്‍കുന്നു.
മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിലും നിയമസഭയിലും സിപിഎം ശക്തമായി എതിർത്തിരുന്നു. ബിൽ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 15ന് നിയമസഭയിൽ മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐകണ്‌ഠ്യേനയാണ് പാസാക്കിയത്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസ സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നും ഭേദഗതി നിയമത്തിലെ നിരവധി വ്യവസ്ഥകൾ സ്വീകാര്യമല്ലാത്തതിനാൽ ബിൽ അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ നിലപാടിനു നേർവിരുദ്ധമായ ആരോപണങ്ങളാണ് ചാനൽ ചർച്ചകളിൽ പാർട്ടി വക്താവായി പ്രത്യക്ഷപ്പെടാറുള്ള റെജി ലൂക്കോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാവിലെ എണീറ്റു നോക്കിയാൽ ഒരുപക്ഷേ നിങ്ങളുടെ വീടിനു മുന്നിലും വഖഫ് സ്വത്ത് എന്ന പേരിലുള്ള ബോർഡ് വന്നേക്കാമെന്ന തരത്തിൽ വിദ്വേഷ പ്രചാരണവും നടത്തുന്നുണ്ട് പോസ്റ്റിൽ. കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന വഖഫ് നിയമങ്ങളാണ് ഇതിനു കാരണമെന്നും റെജി ആരോപിക്കുന്നു. ഇത് അപരിഷ്‌കൃതവും മനുഷ്യാവകാശം ലംഘിക്കുന്നതുമായ കാടൻ നിയമങ്ങളാണെന്നും ആരോപണമുണ്ട്.
'1953ൽ പാർലമെന്റിൽ കോൺഗ്രസ് വഖഫ് നിയമം പാസാക്കി. 1995ൽ നരസിംഹറാവു സർക്കാർ ഈ കിരാത നിയമം ക്രൂരവകുപ്പുകൾ ചേർത്തു പരിഷ്‌ക്കരിച്ചു. 2013ൽ മൻമോഹൻ സിങ് സർക്കാർ വീണ്ടും കാടൻ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് ഈ അപരിഷ്‌കൃത മനുഷ്യാവകാശ ലംഘനനിയമം പരിഷ്‌ക്കരിച്ചു. മുസ്‌ലിം അല്ലാത്തവർക്കും തങ്ങളുടെ ഭൂസ്വത്ത് വഖഫിനു ദാനം നൽകുന്നുവെന്ന് മനസിൽ കരുതിയാൽ മാത്രം മതി ഭൂമി വഖഫിന്റേതാകും. രണ്ടുപേർ സാക്ഷി പറഞ്ഞാൽ മാത്രം മതി.'-ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പോസ്റ്റിൽ ഡിവൈഎഫ്‌ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ടാഗ് ചെയ്തിട്ടുമുണ്ട്.
റെജി ലൂക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ ബോർഡ് ഒരുപക്ഷേ നിങ്ങളുടെ വീടിനു മുന്നിലും വസ്തുക്കളുടെ മുന്നിലും വന്നേക്കാം. കാരണം ഈ രാജ്യത്ത് കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന വഖഫ് നിയമങ്ങൾ കൊണ്ടാണ്. 1953ൽ പാർലമെന്റിൽ കോൺഗ്രസ് വഖഫ് നിയമം പാസാക്കി. 1995ൽ നരസിംഹറാവു സർക്കാർ ഈ കിരാത നിയമം ക്രൂരവകുപ്പുകൾ ചേർത്തു പരിഷ്‌ക്കരിച്ചു. 2013ൽ മൻമോഹൻ സിങ് സർക്കാർ വീണ്ടും കാടൻ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് ഈ അപരിഷ്‌കൃത മനുഷ്യാവകാശ ലംഘനനിയമം പരിഷ്‌ക്കരിച്ചു. മുസ്‌ലിം അല്ലാത്തവർക്കും തങ്ങളുടെ ഭൂസ്വത്ത് വഖഫിനു ദാനം നൽകുന്നുവെന്ന് മനസിൽ കരുതിയാൽ മാത്രം മതി ഭൂമി വഖഫിന്റേതാകും. രണ്ടുപേർ സാക്ഷി പറഞ്ഞാൽ മാത്രം മതി.
ഏറ്റവും വിചിത്രം നിങ്ങളുടെ വസ്തു വഖഫിന്റേതല്ലന്നുള്ള രേഖകൾ നിങ്ങൾ തെളിയിക്കണം. ഇന്ത്യയിലെ ഒരു കോടതിയിലും നിങ്ങൾക്ക് പരാതി നൽകാൻ കഴിയില്ല. വഖഫ് ട്രിബ്യൂണലിൽ മാത്രം പരാതിനൽകാമെന്നതാണ് കോൺഗ്രസ് കൊണ്ടുവന്ന നിയമം. ട്രിബ്യൂണൽ നിങ്ങളുടെ പരാതി തള്ളിയാൽ നിങ്ങളുടെ വീടും വസ്തുക്കളും എന്നെന്നേയ്ക്കായ് നഷ്ടപ്പെടും.
ഈ കാടൻ നിയമംമൂലം നിരവധി മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളിൽ ഭൂമിക്ക് വഖഫിന്റെ നോട്ടീസ് നൽകിക്കഴിഞ്ഞു. മുനമ്പം മാത്രമല്ല ചാവക്കാട്, വയനാട്, ആലപ്പുഴ ഇവിടങ്ങളിൽ പലയിടത്തും നോട്ടീസ് നൽകിക്കഴിഞ്ഞു. തളിപ്പറമ്പ് ടൗൺ ഉൾപ്പെടെ 600 ഏക്കർ വഖഫ് സംരക്ഷണ സമിതി അവകാശവാദം ഉന്നയിച്ചിരിക്കുന്നു. തളിപ്പറമ്പ് കോടതിയും മുനിസിപ്പൽ ഓഫീസും ഉൾപ്പെടും. ബഹുഭൂരിപക്ഷം മുസ്‌ലിം സഹോദരങ്ങളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഇതിൽപ്പെടുന്നു. അവർ കൊച്ചിയിലെ വഖഫ് ടിബ്യൂണലിൽ കയറിയിറങ്ങുന്നു.
ഈ അവസ്ഥയെ മുതലെടുക്കാൻ വർഗീയ വിഷവുമായി ഭിന്നിപ്പ് മുതലെടുപ്പിനായി ബിജെപി ഇറങ്ങിയിരിക്കുന്നു. വോട്ട് ബാങ്ക് മാത്രമാണവരുടെ ലക്ഷ്യം. എന്നാൽ, എൽഡിഎഫ് സർക്കാർ ഒരിക്കലും ഈ മനുഷ്യരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.
യഥാർഥ കുറ്റവാളികൾ ഈ നിയമങ്ങൾ രാജ്യത്ത് അടിപ്പേൽപ്പിച്ച കോൺഗ്രസ് മാത്രമാണ്. നിങ്ങൾ കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും നിങ്ങളുടെ സമ്പത്ത് വഖഫ് ബോർഡിനു നൽകുന്ന സമ്മതപത്രമായിരിക്കും.
എൻബി: ആർഎസ്എസ്-ബിജെപി കാപട്യം തിരിച്ചറിഞ്ഞില്ലെങ്കിൽ അവർ കേരളത്തെ ഉത്തരേന്ത്യൻ മാതൃകയിൽ വർഗീയഭ്രാന്തന്മാരുടെ താവളമാക്കും.
Summary: Left wing observer Regi Lukose takes stand against the CPM's policy on the Waqf issue
Adjust Story Font
16