വിവാദ പരാമര്‍ശം നടത്തിയ പാല ബിഷപ്പിനെതിരെ നിയമനടപടികള്‍ വൈകുന്നു
വിവാദ പ്രസംഗം നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല
വിവാദ പരാമര്‍ശം നടത്തിയ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിയമ നടപടികള്‍ വൈകുന്നു. വിവാദ പ്രസംഗം നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. നിരവധി സംഘടനകള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കുകയാണെന്നാണ് വിശദീകരണം. അതേസമയം ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി സജീവമായി രംഗത്തെത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് കുറവിലങ്ങാട് ചര്‍ച്ച എന്ന യൂ ട്യൂബ് ചാനലില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. എന്നാല്‍ വിവാദ പ്രസംഗം നടത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും യാതൊരു നടപടിയും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കോട്ടയം താലൂക്ക് മഹല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് ഡി.വൈ.എസ്.പിക്ക് അന്വേഷണത്തിനായി കൈമാറിയതായിട്ടാണ് വിവരം. തൃശൂര്‍ ജില്ലയിലും ബിഷപ്പിനെതിരെ പൊലീസില്‍ പരാതി ഉണ്ടായിട്ടുണ്ട്. ബിഷപ്പിന്‍റെ പ്രസ്താവനയ്ക്കെതിരെ ഇന്നലെ പാലായില്‍ വിവിധ മുസ്‍ലിം സംഘടനകള്‍ മാര്‍ച്ച് നടത്തി.
എന്നാല്‍ ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പിയും പാലാ ബിഷപ്പ് ഹൌസിന്‍റെ മുന്നിലെത്തി. ഇരങ്ങാലക്കുട ബിഷപ്പും സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Adjust Story Font
16