പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻചിറ്റ് നൽകി നിയമോപദേശം
ഇരയ്ക്കെതിരെ പരാമർശമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തില്‍ പറയുന്നു.
പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ് നൽകി നിയമോപദേശം. നല്ല നിലയിൽ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രൻ ഉപയോഗിച്ചതെന്നും പരാതി ഒതുക്കി തീർക്കണമെന്ന് അർത്ഥമില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
ഇരയ്ക്കെതിരെ പരാമർശമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. മലയാള നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളിൽ തെറ്റില്ലെന്ന് നിയമോപദേശം ചൂണ്ടിക്കാട്ടുന്നത്.
മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പൊലീസിന് രണ്ടിടങ്ങളില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തേടിയ നിയമോപദേശത്തിന്‍റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 23നാണ് ഈ നിയമോപദേശം കിട്ടിയത്. ഇതിനു പിന്നാലെയാണ് ശശീന്ദ്രനെതിരെ കേസെടുക്കേണ്ടെന്ന തീരുമാനം.
അതേസമയം, ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍റെ നിഘണ്ടുവിൽ മാത്രമേ ഇത്തരം പരാമർശങ്ങൾ തെറ്റല്ലാതെയുണ്ടാകൂ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീർക്കണമെന്ന് ശശീന്ദ്രൻ ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ മൂലകാരണം.
Adjust Story Font
16