കൊല്ലങ്കോട് പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവം: സ്ഥലം ഉടമക്കെതിരെ കേസ്
വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തല്‍
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് പറഞ്ഞു.
മയക്കുവെടിവെച്ച് പിടികൂടിയ പുലി പിന്നീട് ചത്തിരുന്നു. ഇന്ന് രാവിലെയാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.
ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. 10 മിനിറ്റിന് ശേഷം പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് വനപാലകർ മാറ്റി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. തുടർന്ന് ക്യാമ്പിലേക്ക് കൊണ്ടു പോയ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടാനായിരുന്നു പദ്ധതി.
ഇന്ന് പുലർച്ചെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിൽ കമ്പിവേലിയിൽ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനവകുപ്പ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ പുലി ആരോഗ്യവതിയാണെന്ന് തെളിഞ്ഞതോടെ മയക്കുവെടി വെക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
ധോണിയിൽ നിന്നുള്ള വനംവകുപ്പിന്റെ ഡോക്ടർമാർ എത്തിയാണ് പുലിയെ മയക്കു വെടി വെച്ചത്. നാലു വയസ്സ് പ്രായമുള്ള പെൺ പുലിയാണ് കുടുങ്ങിയത്. അതേസമയം പ്രദേശത്ത് സ്ഥിരമായി പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുൻപ് ഈ പ്രദേശത്തിന് സമീപം പുലി എത്തിയിരുന്നു. ഉണ്ണികൃഷ്ണന്റെ പറമ്പിൽ നിന്നും കുറച്ച് അകലെയാണ് വനമുള്ളത്. ഇവിടെ നിന്നും രാത്രി ജനവാസ മേഖലയിൽ എത്തിയ പുലി തിരികെ പോകുമ്പോൾ കമ്പിവേലിയിൽ കുടുങ്ങിയതാകാം എന്നാണ് നിഗമനം. വന്യജീവികൾ സ്ഥിരമായി എത്തുന്ന വിഷയത്തിൽ പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാരും ഉന്നയിച്ചു.
Adjust Story Font
16