പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു പിടികൂടി
ഇന്ന് പുലർച്ചെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിൽ കമ്പിവേലിയിൽ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്.
പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലി
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മമയക്കുവെടിവെച്ചു പിടികൂടി. ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ചത്. 10 മിനിറ്റിന് ശേഷം പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് വനപാലകർ മാറ്റി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. തുടർന്ന് ക്യാമ്പിലേക്ക് കൊണ്ടു പോയ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടും.
ഇന്ന് പുലർച്ചെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിൽ കമ്പിവേലിയിൽ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനവകുപ്പ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ പുലി ആരോഗ്യവതിയാണെന്ന് തെളിഞ്ഞതോടെ മയക്കുവെടി വെക്കാനുള്ള നടപടികൾ ആരംഭിച്ചു.
ധോണിയിൽ നിന്നുള്ള വനംവകുപ്പിന്റെ ഡോക്ടർമാർ എത്തിയാണ് പുലിയെ മയക്കു വെടി വെച്ചത്. നാലു വയസ്സ് പ്രായമുള്ള പെൺ പുലിയാണ് കുടുങ്ങിയത്. അതേസമയം പ്രദേശത്ത് സ്ഥിരമായി പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുൻപ് ഈ പ്രദേശത്തിന് സമീപം പുലി എത്തിയിരുന്നു. ഉണ്ണികൃഷ്ണന്റെ പറമ്പിൽ നിന്നും കുറച്ച് അകലെയാണ് വനമുള്ളത്. ഇവിടെ നിന്നും രാത്രി ജനവാസ മേഖലയിൽ എത്തിയ പുലി തിരികെ പോകുമ്പോൾ കമ്പിവേലിയിൽ കുടുങ്ങിയതാകാം എന്നാണ് നിഗമനം. വന്യജീവികൾ സ്ഥിരമായി എത്തുന്ന വിഷയത്തിൽ പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാരും ഉന്നയിച്ചു.
Adjust Story Font
16