Quantcast

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകും

നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തയ്യാറാക്കിയതല്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-06 07:22:08.0

Published:

6 Nov 2022 7:09 AM GMT

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകും
X

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖമന്ത്രിക്ക് പരാതി നൽകും. നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ മുഖ്യമന്ത്രിക്കും പൊലീസിനും പരാാതി നൽകുക. നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തയ്യാറാക്കിയതല്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടിക്ക് നൽകിയ വിശദീകരണത്തിലാണ് മേയർ ഈ കാര്യം വ്യക്തമാക്കിയത്.

അതേസമയം, മേയറുടെ കത്ത് ചോർന്നതിനു പിന്നിൽ സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെ കടുത്ത വിഭാഗീയത. ഒപ്പം നഗരസഭ പാർലമെന്ററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നഗരസഭാ ഭരണത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. കത്ത് ചോർച്ചയിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്.

ശക്തമായ വിഭാഗീയതയും അധികാര വടം വലിയുമാണ് തലസ്ഥാനത്തെ സിപിഎം നേതൃത്വത്തിൽ. സംസ്ഥാന സമിതി അംഗങ്ങളുടെ മൗനാനുവാദത്തോടെയാണ് വിഭാഗീയത ഉണ്ടാകുന്നത്. സംസ്ഥാന സമ്മേളനം കഴിഞ്ഞ് എട്ടുമാസത്തോളമായിട്ടും പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ കഴിയാത്തതിനു കാരണവും മറ്റൊന്നല്ല. ജില്ലാ സെക്രട്ടറിക്ക് മേയർ നൽകിയെന്ന് പറയപ്പെടുന്ന കത്തിലെ തീയതി ആര്യാ രാജേന്ദ്രൻ തിരുവനന്തപുരത്ത് ഇല്ലാതിരുന്ന ദിവസത്തേതാണ്. ഇതാണ് താനല്ല കത്ത് നൽകിയതെന്ന മേയറുടെ വാദത്തിന് ബലം നൽകുന്നത്. മേയറുടെ അറിവോടെയല്ലെങ്കിൽ എങ്ങനെ അവരുടെ ഒപ്പ് വന്നു എന്ന ചോദ്യമാണ് എതിർ വിഭാഗം ഉയർത്തുന്നത്. മേയറുടെ ഓഫീസിൽനിന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനു നൽകിയതാണ് കത്തെന്നും സൂചനയുണ്ട്. ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തു വിട്ടതും പാർട്ടിയിലെ എതിർ വിഭാഗമാണ്.

നഗരസഭ കൗൺസിലിലെ സിപിഎം പാർലമെൻററി പാർട്ടിയിലും വലിയ ഭിന്നതയാണുള്ളത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡിആർ അനിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീമും തമ്മിലുള്ള അധികാര തർക്കം കഴിഞ്ഞ കുറെ നാളുകളായി നഗരസഭയിൽ സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് കത്ത് വിവാദം എന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വം. ഇരുവിഭാഗങ്ങൾക്കുമെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. പാർലമെന്ററി പാർട്ടിയിൽ വലിയ അഴിച്ചു പണിക്കുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. ഒമ്പതാം തീയതി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ ഇപ്പോഴത്തെ വിവാദം ചർച്ചയാകും. നടപടിക്കും സാധ്യതയുണ്ട്.

TAGS :

Next Story