ലൈഫ് മിഷന്‍ കോഴ; സന്തോഷ് ഈപ്പൻ ഇ.ഡി കസ്റ്റഡിയിൽ തുടരുന്നു
സന്തോഷ് ഈപ്പന്‍റെ കസ്റ്റഡി കാലാവധി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്
സന്തോഷ് ഈപ്പൻ
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിലെ കളളപ്പണ ഇടപാടിൽ അറസ്റ്റിലായ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഇ. ഡി കസ്റ്റഡിയിൽ തുടരുന്നു. സന്തോഷ് ഈപ്പന്‍റെ കസ്റ്റഡി കാലാവധി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ വിളിച്ചു വരുത്തി സന്തോഷ് ഈപ്പനൊപ്പം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ നിയമനം ലഭിച്ചതിലും ഇ.ഡി അന്വേഷണം തുടരുകയാണ്. സ്വപ്നയുടെ നിയമനത്തിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
തിങ്കളാഴ്ച വരെയാണ് ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. മാർച്ച് 21 നാണ് സന്തോഷ് ഈപ്പനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പൻറേത്. ആദ്യം അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണ്. അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
Adjust Story Font
16