കൊല്ലം പുനലൂരിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ പിഴവുകളിൽ ദുരിതത്തിലായി താമസക്കാർ
ഫ്ലാറ്റിന്റെ സെപ്റ്റിക് ടാങ്ക് മാലിന്യ പ്ലാന്റ് പൊട്ടി പ്രദേശത്ത് മാലിന്യം വൻതോതിൽ അടിഞ്ഞു കൂടുകയാണ്.
കൊല്ലം: പുനലൂരിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ പിഴവുകൾ താമസക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഫ്ലാറ്റിന്റെ സെപ്റ്റിക് ടാങ്ക് മാലിന്യ പ്ലാന്റ് പൊട്ടി പ്രദേശത്ത് മാലിന്യം വൻതോതിൽ അടിഞ്ഞു കൂടുകയാണ്. ഫ്ലാറ്റിന്റെ അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം.
പുനലൂർ പ്ലാച്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. താക്കോൽദാനം കഴിഞ്ഞു ആഴ്ചകൾ മാത്രമായ ഫ്ലാറ്റിന്റെ സെപ്റ്റിക് ടാങ്ക് മാലിന്യ പ്ലാന്റ് തകർന്ന നിലയിലായി. പ്രദേശമാകെ മാലിന്യം പടർന്നു കിടക്കുന്നു. രൂക്ഷഗന്ധവും വ്യാപകമാണ്.
മാലിന്യ പ്ലാനിലെ ചോർച്ചയെ സംബന്ധിച്ച് കരാറുകാരനെ അറിയിച്ചെങ്കിലും നിഷേധ നിലപാടാണെന്ന് പ്രദേശവാസി പറയുന്നു. മാലിന്യ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി നൽകുവാൻ പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി ലൈഫ് മിഷനെയും കരാറുകാരനെയും അറിയിച്ചിട്ടുണ്ടെന്നാണ് പുനലൂർ നഗരസഭാ അധികൃതർ പറയുന്നത്.
Adjust Story Font
16