പണ്ട് എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം; കൂവലൊന്നും പുത്തരിയല്ല- രഞ്ജിത്ത്
ഐ.എഫ്.എഫ്.കെ സമാപന വേദിയിലെത്തിയ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെ പ്രേക്ഷകര്‍ കൂക്കുവിളിയോടെയാണ് സ്വീകരിച്ചത്
തിരുവനന്തപുരം: 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവൽ. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികൾ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എസ്എഫ്‌ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകൾ പ്രതിഷേധം ഉയർത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓൺലൈൻ ബുക്കിങ്ങിലെയും പരാതികൾ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നത്.
ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.ഐഎഫ്എഫ്‌കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തിൽ പ്രതികരിച്ചത്. പ്രതിഷേധിച്ചവരിൽ ഒരാൾക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു വരുത്തിയത് അക്കാദമി അല്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യാന്തര ചലച്ചിത്ര കൊടയിറങ്ങി. മേളയിൽ മികച്ച സിനിമയ്ക്കുളള സുവർണചകോരം ബൊളിവീയൻ ചിത്രം യുതമയ്ക്ക്. മികച്ച സംവിധായകൻ ടൈമൂൻ പിറസെലിമോഗ്ലൂ (കെർ). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരായണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകൻ ഫിറോസ് ഘോറിക്കാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം പി.എസ്.ഇന്ദുവിന് ലഭിച്ചു.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹംഗേറിയൻ സംവിധായകൻ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷംരൂപയാണ് പുരസ്‌കാരത്തുക. പുരസ്‌കാരങ്ങൾ സംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു.
ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിലാണ് മേള നടക്കുന്നത്.ജൂറി ചെയർമാൻ വൈറ്റ് ഹെൽമർ, സ്പാനിഷ് - ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്‌നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയർപേഴ്‌സൺ കാതറിന ഡോക്‌ഹോൺ, നെറ്റ് പാക് ജൂറി ചെയർപേഴ്‌സൺ, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡ് ജൂറി ചെയർമാൻ എൻ. മനു ചക്രവർത്തി, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Adjust Story Font
16