ഐ.ടി പാർക്കുകളിലെ മദ്യവിതരണം; പ്രത്യേക ചട്ടം രൂപീകരിക്കും
ജോലി സമയത്ത് മദ്യം ഉപയോഗിക്കുന്നില്ലെന്നുറപ്പാക്കാന്‍ ക്രമീകരണമുണ്ടാക്കും.
തിരുവനന്തപുരം: ഐ.ടി പാർക്കുകളിൽ മദ്യവിതരണത്തിന് സർക്കാർ പ്രത്യേക ചട്ടം രൂപീകരിക്കും. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടുവരിക. ജോലി സമയത്ത് മദ്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ക്രമീകരണമുണ്ടാക്കും.
ബാർ റസ്റ്റോറന്‍റുകളിലൂടെ ഐ.ടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഒഴിവുവേളകളിൽ മദ്യപാനത്തിന് അവസരമൊരുക്കാനാണ് മദ്യനയത്തിലെ ശിപാർശ. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഇതിന് പ്രത്യേക ചട്ടം രൂപീകരിക്കേണ്ടതുണ്ട്. ജീവനക്കാർക്ക് പ്രവൃത്തി സമയത്ത് മദ്യപിക്കാനാകില്ല. നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാർ മദ്യം ഉപയോഗിച്ചു കഴിഞ്ഞാൽ ഓഫിസിലേക്കു കയറാതിരിക്കാനുള്ള കർശന നിർദേശങ്ങളും ഉണ്ടാകും.
ഐ.ടി പാർക്കുകളിലെ റസ്റ്റോറന്‍റുകളിലാകും മദ്യം വിതരണം ചെയ്യുക. പുറത്തുനിന്നുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല. ഐ.ടി കമ്പനികളുടെ അതിഥികൾക്ക് ഇളവുണ്ടാകും. നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഐ.ടി കമ്പനികൾക്കായിരിക്കും. വീഴ്ചയുണ്ടായാൽ കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകും. ഐ.ടി മേഖലയിലെ ഡെവലപ്പർമാർക്കും കോ- ഡെവലപ്പർമാർക്കും മാത്രമായിരിക്കും ലൈസൻസ് ലഭിക്കുക. നിലവിൽ ബാർ ലൈസൻസ് ഉള്ളവർക്ക് ഐ.ടി പാർക്കുകളിലെ പ്രത്യേക ലൈസൻസ് നൽകില്ല. 10 കോടിക്കു മേൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കാകും ലൈസൻസിന് അർഹത.
Adjust Story Font
16