വായ്പാകെണിയൊരുക്കി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ; വീട്ടിലെത്തി ഭീഷണി, ചിറ്റൂരിൽ നാലുപേരുടെ ജീവനെടുത്തു
വീട്ടമ്മമാരാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ
പാലക്കാട്: ലോൺ ആപ്പുകൾ നിയമവിരുദ്ധമാണെങ്കിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിലൂടെ നടക്കുന്നത് വായ്പാ കെണിയൊരുക്കലാണ്. പാലക്കാട്ടെ ചിറ്റൂരിൽ നാലുപേർ ജീവനൊടുക്കാൻ കാരണമായത് മൈക്രോ ഫിനാൻസ് വായ്പാകുരുക്കാണ്. നിരവധി പേർ ജീവനൊടുക്കാനും ശ്രമിച്ചിട്ടുണ്ട്. തുച്ഛമായ തുകയ്ക്കു ജീവനൊടുക്കേണ്ടി വന്നവർക്കെന്താണ് സംഭവിച്ചതെന്ന് മീഡിയവൺ അന്വേഷിക്കുന്നു.
വീട്ടമ്മമാരാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ. കർഷകരും കർഷകത്തൊഴിലാളികളും ഏറെയുള്ള ചിറ്റൂരിൽ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളിലെ വീട്ടമ്മമാർ പലരും ഒന്നിലേറെ വായ്പകളുള്ളവരാണ്. ഇത്തരം വീട്ടമ്മമാരുടെ ഒരു സംഘം രൂപീകരിച്ചാണ് ലോൺ നൽകുന്നത്. 20,000 മുതൽ ഒരു ലക്ഷം വരെ നൽകും.
ചെറിയ വായ്പ, ചെറിയ തിരിച്ചടവ്. ആഴ്ചയിൽ 600 മുതൽ രണ്ടായിരം വരെയാണ് തിരിച്ചടവ്. പക്ഷേ, ഏതെങ്കിലും സാഹചര്യത്തിൽ ഒരു തവണ തിരിച്ചടവ് മുടങ്ങിയാൽ മൈക്രോ ഫിനാൻസ് എജന്റ് അവരുടെ വീട്ടിലെത്തും. പണം കിട്ടിയാലേ അവർ മടങ്ങൂ. അതുവരെ അവരുടെ പെരുമാറ്റം രൂക്ഷമായിരിക്കും.
അസുഖം മൂലമോ മറ്റോ ജോലിക്ക് പോകാൻ കഴിയാത്തവർക്കായിരിക്കും അടവ് മുങ്ങുക. ചെറിയ തുകയാണെങ്കിൽ പോലും ഏജന്റുമാർ ഒരു ദയയും കാണിക്കില്ല. ഏജന്റുമാരുടെ ഭീഷണിയിൽ ഇതുവരെ ചിറ്റൂരിൽ മാത്രം നാലുപേർ ജീവനൊടുക്കി. ഒന്നും രണ്ടുമമല്ല, മുപ്പതിലേറെ ധനകാര്യ സ്ഥാപനങ്ങളാണ് ചിറ്റൂരിൽ മൈക്രോ ഫിനാൻസുകൾ നൽകുന്നത്. ഒരു വായ്പയിൽനിന്നു മറ്റൊരു വായ്പയിലേക്ക് എന്ന ചുഴിയിലാണ് സ്ത്രീകൾ അകപ്പെടുന്നത്. പുറത്തേക്ക് വരുന്നത് എളുപ്പമല്ലാത്ത സ്ഥിതിയിലാണ് ഇവരെ കെണിയിലാക്കുന്നത്.
Summary: Loan apps scam in Palakkad as four people dies in Chittoor due to the harassment from Micro finance companies
Adjust Story Font
16