Quantcast

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പത്ത് സീറ്റ്, ഒമ്പതിടത്ത് യു.ഡി.എഫ്, ബി.ജെ.പിക്ക് ഒരു സീറ്റ്

10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-22 07:58:22.0

Published:

22 July 2022 6:29 AM GMT

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പത്ത് സീറ്റ്, ഒമ്പതിടത്ത് യു.ഡി.എഫ്, ബി.ജെ.പിക്ക് ഒരു സീറ്റ്
X

കോഴിക്കോട്: സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫിനും നേട്ടം. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇതിൽ 35 പേർ സ്ത്രീകളാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

ഫലം പുറത്ത് വന്നപ്പോള്‍ പത്തിടത്ത് എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് 9 സീറ്റും ലഭിച്ചു. വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.

കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. പള്ളിക്കര പഞ്ചായത്തിലെ 19-ാം വാർഡ് യു.ഡി.എഫ് നിലനിർത്തി.

ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡ് ബിജെപിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്.കുമ്പള പഞ്ചായത്ത് 14-ാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി എസ്. അനിൽകുമാർ വിജയിച്ചു.

കാള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര്യ സ്ഥാനാർഥി സണ്ണി അബ്രഹാം ജയിച്ചു.

മലപ്പുറത്ത് മഞ്ചേരി നഗരസഭ കിഴക്കേത്തല വാർഡ് യു.ഡി.എഫ് നിലനിർത്തി. 155 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി പരേറ്റ മുജീബ് റഹ്മാൻ വിജയിച്ചത്. എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്തെത്തിയത് എൽ.ഡി.എഫിന് തിരിച്ചടിയായി. വാർഡിലെ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം നഗരസഭ 11 ാം വാർഡായ മൂന്നാംപടി എൽ.ഡി.എഫ് നിലനിർത്തി.71 വോട്ടിന് സി.പി.എം സ്ഥാനാർഥി കെ.എം.വി ജലക്ഷ്മി ടീച്ചർ വിജയിച്ചു.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ മുസ്ലീം ലീഗ് നിലനിർത്തി.2007 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി.ടി അയ്യപ്പൻ വിജയിച്ചു. ലീഗ് അംഗം കെ.പി രമേശിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

തൃശൂർ ചേലക്കര കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ഒ. പ്രേമലതയാണ് 35 വോട്ടിന് വിജയിച്ചത്. എൽഡിഎഫ് പ്രതിനിധി ടി ബി രാധ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൊല്ലത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ആലുമ്മൂട് വാർഡ് ബി.ജെ.പി നിലനിർത്തി. ശ്രീജിത്ത് ജെ 21 വോട്ടുകൾ വിജയിച്ചു. ഇവിടെ ഭരണമാറ്റത്തിന് സാധ്യതയുണ്ട്. നിലവിൽ ഭരിക്കുന്നത് എൽഡിഎഫാണ്. യുഡിഎഫ് , ബിജെപി അംഗങ്ങൾ സ്വതന്ത്രയെ പിന്തുണച്ചാൽ ഭരണമാറ്റം ഉണ്ടാകും. മുമ്പ് ഇങ്ങനെ പിന്തുണച്ചിരുന്നു. ചവറ ഗ്രാമപഞ്ചായത്ത് കൊറ്റൻകുളങ്ങര വാർഡ് യുഡിഎഫ് നിലനിർത്തി. ആർ.എസ്.പി സ്ഥാനാർത്ഥി അംബിക ദേവി 123 വോട്ടുകൾ വിജയിച്ചു

കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് 5 ൽ എൽഡിഎഫിന് ജയം. സിപിഎം സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി 448 വോട്ടിന് വിജയിച്ചു.

ഇടുക്കി രാജകുമാരി പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വിമല ദേവി വിജയിച്ചു.കൂറുമറ്റ നിരോധന നിയമം പ്രകാരം മുൻ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

ആലുവ നഗരസഭ 22 ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് വിജയിച്ചു.കോൺഗ്രസിലെ വിദ്യ ബിജു 43 വോട്ടുകൾക്കാണ് വിജയിച്ചത്. ജെ.ബി മേത്തർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോട്ടയം ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കേരള കോണ്ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിനു മനോജ് സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് 477, യു.ഡി.എഫ് 261, ബി.ജെ.പി 99 എന്നിങ്ങനെയാണ് വോട്ട് നില.

TAGS :

Next Story