പൊലീസുകാരെ സാക്ഷിയാക്കി കോഴിക്കോട് കല്ലായിയിൽ കെ റെയിൽ സർവേകല്ല് നാട്ടുകാർ പിഴുതുമാറ്റി
കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു
പൊലീസുകാരെ സാക്ഷിയാക്കി കോഴിക്കോട് കല്ലായിയിൽ ഇന്ന് സ്ഥാപിച്ച കെ റെയിൽ സർവേ കല്ല് നാട്ടുകാർ പിഴുതുമാറ്റി. കെ റെയിൽ സർവേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു നാട്ടുകാർ നടത്തിയത്. പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പുരുഷ പൊലീസുകാർ ലാത്തികൊണ്ട് കുത്തിയെന്ന് സ്ത്രീകൾ ആരോപിച്ചു.
വെടിവെച്ച് കൊന്നാലും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും നാട്ടുകാർ പറഞ്ഞു. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.
കെറെയില്‍ കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസ് ആക്രമണം അഴിച്ചു വിട്ടരുന്നു. സർവേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുയാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജനകീയ സമര സമിതി നടത്തുന്ന ഹർത്താലിന് യുഡിഎഫ്, ബിജെപി, എസ്‍യുസിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണയുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു.
മാടപ്പള്ളിയിൽ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാർഡിലേക്ക് എത്തിയ കെ റെയിലിന്‍റെ വാഹനം സമരക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയിൽ ജീവനക്കാർ മടങ്ങി.
എന്നാൽ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാൻ കെ റെയിൽ ജീവനക്കാർ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു. കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവർക്കും പൊലീസ് നടപടിയിൽ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയിൽ ജീവനക്കാർ സ്ഥാപിക്കാൻ സാധിച്ചത്.
Adjust Story Font
16