Quantcast

'ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍': ആനി ശിവക്കെതിരായ അധിക്ഷേപ പോസ്റ്റില്‍ പോലീസില്‍ പരാതി

പോലീസ് സേനയിലെ ഒരാളെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് ചെറുവിരല്‍ അനക്കിയില്ലെന്നും പരാതിയില്‍ പറയുന്നു

MediaOne Logo

ijas

  • Updated:

    2021-07-03 15:25:27.0

Published:

3 July 2021 2:40 PM GMT

ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍: ആനി ശിവക്കെതിരായ അധിക്ഷേപ പോസ്റ്റില്‍ പോലീസില്‍ പരാതി
X

മുന്‍ ഐ.ജി കെ ലക്ഷ്മണയുടെ മകളായ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പൊലീസില്‍ പരാതി. പ്രതിസന്ധികളോട് പോരാടി സബ് ഇൻസ്പെക്ടർ പദവിയിലെത്തി വാർത്തകളിൽ ഇടംനേടിയ ആനി ശിവക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഗീത ലക്ഷ്മണക്കെതിരെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്.ഐ ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് ചൂണ്ടി കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡോഫിന്‍ മാമച്ചനാണ് പരാതി നൽകിയത്. ഫേസ്ബുക്ക് പ്രൈഫലിന്‍റെ യു.ആര്‍.എല്‍ സഹിതമാണ് പരാതി അയച്ചത്.

ഇതിനോടകം നിരവധി പേര്‍ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുണ്ടെന്നും പോലീസ് സേനയിലെ ഒരാളെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് ചെറുവിരല്‍ അനക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിനോടകം നിരവധി പേര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പോലീസ് അറിയിച്ചത്.

''വീട്ടുകാരെ ചതിച്ച് കണ്ടവന്‍റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍'', എന്നിങ്ങനെയാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്. അധിക്ഷേപം നടത്തിയ വ്യക്തി താനടങ്ങുന്ന അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളതാണെന്നും തങ്ങളെല്ലാം അവരുടെ നടപടിയെ ശക്തമായി തന്നെ അപലപിക്കുന്നതായും അവരെ ശിക്ഷിക്കണമെന്നും പരാതിക്കാരന്‍ അറിയിച്ചു. അഭിഭാഷകയായ സംഗീത സ്ഥിരം സൈബര്‍ കുറ്റവാളിയാണെന്നും സ്ത്രീകള്‍ക്കെതിരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ എഴുതിയിടാറുണ്ടെന്നും പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിക്കാരന്‍ അഭിഭാഷകന്‍ അഡോഫിന്‍ മാമച്ച ആവശ്യപ്പെട്ടു.

TAGS :

Next Story