സി.പി.എം പട്ടികയില്‍ നാലുപേര്‍; കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുസ്‍ലിം പ്രാതിനിധ്യം ചര്‍ച്ചയാകുന്നു
കോണ്‍ഗ്രസിന്റെ നിലവിലെ 15 സിറ്റിങ് എം.പിമാരില്‍ മുസ്‍ലിംകള്‍ ആരുമില്ല. ഏക മുസ്‍ലിം സ്ഥാനാർത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ പരാജയപ്പെടുകയും ചെയ്തു
കോഴിക്കോട്: സി.പി.എം പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലെ മുസ്‍ലിം പ്രാതിനിധ്യം ചർച്ചയാകുന്നു. നാല് മുസ്‍ലിം നേതാക്കളാണ് സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍, നിലവില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് എം.പിമാരില്‍ ഒറ്റ മുസ്‍ലിം പേരും ഇല്ല. ഈ സാഹചര്യത്തില്‍ പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തുന്ന സീറ്റുകളില്‍ മുസ്‍ലിം നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതോടെ, സിറ്റിങ് എം.പിമാർ മത്സരിക്കാന്‍ സാധ്യതയില്ലാത്ത കണ്ണൂര്‍, വയനാട്, കഴിഞ്ഞ തവണ തോറ്റ ആലപ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നിർണായകമാകും.
സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളില്‍ ധാരണയായപ്പോള്‍ ഇടംപിടിച്ചത് നാല് മുസ്‍ലിം പേരുകളാണ്. സിറ്റിങ് എം.പി എ.എം ആരിഫിനെ കൂടാതെ കോഴിക്കോട്ട് എളമരം കരീം, മലപ്പുറത്ത് വി. വസീഫ്, പൊന്നാനിയില്‍ കെ.എസ് ഹംസ എന്നിങ്ങനെയാണ് സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മുസ്‍ലിം പ്രാതിനിധ്യം. അതേസമയം, കോണ്‍ഗ്രസിന്റെ നിലവിലെ 15 സിറ്റിങ് എം.പിമാരില്‍ മുസ്‍ലിംകള്‍ ആരുമില്ല. ഏക മുസ്‍ലിം സ്ഥാനാർത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ പരാജയപ്പെടുകയും ചെയ്തു.
ഇത്തവണ ആലപ്പുഴയിലെ സാധ്യതാ പട്ടികയില്‍ ഷാനിമോളുടെ പേരിന് മുന്‍തൂക്കമില്ല. കണ്ണൂരില്‍ കെ. സുധാകരനു പകരം പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലും മുസ്‍ലിം നേതാക്കളില്ല. രാഹുല്‍ ഗാന്ധിയുടെ സീറ്റായ വയനാട്ടില്‍ മറ്റാരുടെയും പേരും പരിഗണിച്ചിട്ടുമില്ല.
മുസ്‍ലിം സമുദായ വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പക്ഷെ സീറ്റ് നല്‍കുന്നിടത്ത് ആ ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതി നേരത്തെയുണ്ട്. നാല് മുസ്‍ലിം സ്ഥാനാർത്ഥികളെ ഉള്‍പ്പെടുത്തി സി.പി.എം പട്ടിക കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ സമ്മർദം ഏറുകയാണ്. ആലപ്പുഴ, കണ്ണൂർ, രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ വയനാട് എന്നീ സീറ്റുകളില്‍ മുസ്‍ലിം സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് ആകർഷിക്കാന്‍ ഇരു മുന്നണികളും മത്സരിക്കുമ്പോള്‍ ഈ പ്രാതിനിധ്യപ്രശ്നം തടസമാകാതിരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തും ചർച്ചയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Summary: With the release of the CPM list for the Lok Sabha elections, the Muslim representation in the selection of Congress candidates is being discussed
Adjust Story Font
16