'ലോകകേരള സഭ കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല': നടക്കുന്നത് ബക്കറ്റ് പിരിവെന്ന് ചെന്നിത്തല
"കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്നതൊക്കെ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യം"
തിരുവനന്തപുരം: ലോകകേരള സഭ കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരേണ്യ വർഗത്തിന് വേണ്ടിയുള്ള ധൂർത്താണതെന്നും ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്‌കൃത രൂപമാണ് അമേരിക്കയിലെ പിരിവെന്നും ചെന്നിത്തല പരിഹസിച്ചു.
"ലോക കേരള സഭ കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. വരേണ്യ വർഗത്തിന് വേണ്ടിയുള്ള ഒരു ധൂർത്താണിത്. കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്നതൊക്കെ. ലോക കേരള സഭ കൊണ്ട് എന്ത് ഗുണമാണുണ്ടായത്?
ധനികരായ വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന ഇത്തരം സംവിധാനങ്ങൾ കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കുന്നില്ല. മുഖ്യമന്ത്രിയെ കാണാൻ പണം കൊടുക്കണം എന്ന് പറയുന്നത് ശരിയാണോ? സർക്കാരിന്റെ കയ്യിൽ പണമില്ലെങ്കിൽ പണം പിരിച്ചു നടത്തുന്നത് എന്തിനാണ്?
സ്പീക്കർ സ്ഥാനത്തിരുന്ന് പിരിവ് നടത്തിയ ആളാണ് പി രാമകൃഷ്ണൻ. നോർക്കയുടെ സ്ഥാനത്ത് എത്തിയപ്പോഴും അത് തുടരുന്നു". ചെന്നിത്തല പറഞ്ഞു.
അതേസമയം, ലോകകേരള സഭയുടെ സ്‌പോൺസർഷിപ്പിൽ തെറ്റില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലന്റെ പ്രതികരണം. പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും പണം ചെലവാക്കുന്നതിന് കൃത്യമായ ഓഡിറ്റ് സംവിധാനമുണ്ടെന്നും ബാലൻ പറഞ്ഞു.
Adjust Story Font
16