Quantcast

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിർദേശവുമായി സി.പി.ഐ

നിയമസഭ സമ്മേളനത്തിന് മുന്‍പ് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും

MediaOne Logo

Web Desk

  • Updated:

    2022-08-12 08:35:42.0

Published:

12 Aug 2022 8:01 AM GMT

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിർദേശവുമായി സി.പി.ഐ
X

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിർദേശവുമായി സി.പി.ഐ. ലോകായുക്ത ശിപാർശയിൽ അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നത സമിതിക്ക് വിടണമെന്നാണ് നിര്‍ദേശം. നിയമസഭ സമ്മേളനത്തിന് മുന്‍പ് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സി.പി.ഐയ്ക്ക് വിയോജിപ്പുണ്ട്. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങള്‍ കവരുന്നത് ശരിയല്ലെന്നാണ് സി.പി.ഐ നിലപാട്. ഈ മാസം 22ന് സഭ ചേരുമ്പോള്‍ ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ബില്ലാക്കേണ്ടത്. ഇതില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ സഭയില്‍ വരുന്നതിന് മുന്‍പ് ഉഭയകക്ഷി ചര്‍ച്ച വേണമെന്ന സി.പി.ഐ ആവശ്യം സി.പി.എം അംഗീകരിച്ചിട്ടുണ്ട്.

ഓര്‍ഡിനന്‍സില്‍ ഉള്ള ഒരു വ്യവസ്ഥ മാറ്റി തങ്ങള്‍ പറയുന്ന ഭേദഗതി ഉള്‍പ്പെടുത്തണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരമുള്ള ശിപാര്‍ശ തള്ളണമോ കൊള്ളണമോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. അതിലാണ് സി.പി.ഐ മാറ്റം ആവശ്യപ്പെടുന്നത്. ലോകായുക്തയുടെ ശിപാര്‍ശ തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിന് പകരം അതില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയെ നിയോഗിക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഇക്കാര്യം സി.പി.എമ്മുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് സി.പി.ഐ തീരുമാനം. മുഖ്യമന്ത്രിക്ക് പുറമെ കോടിയേരി ബാലകൃഷ്ണന്‍ ,കാനം രാജേന്ദ്രന്‍,നിയമ മന്ത്രി പി.രാജീവ്,റവന്യുമന്ത്രി കെ. രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.



TAGS :

Next Story