Quantcast

'ദുരിതാശ്വാസനിധി വകമാറ്റിയതിന് മുഖ്യമന്ത്രി മാത്രമല്ല ഉത്തരവാദി'; കേസ് ലോകായുക്ത പരി​ഗണിക്കുന്നു

വാദിച്ചിട്ട് കാര്യമില്ലെന്നു മനസിലായെന്നും അതുകൊണ്ട് വാദം തുടരുന്നില്ലെന്നും പരാതിക്കാരന്‍

MediaOne Logo

Web Desk

  • Updated:

    2023-08-07 16:37:27.0

Published:

7 Aug 2023 10:07 AM GMT

Lokayukta is hearing the CMs disaster relief fund misuse case, Lokayukta, CM disaster relief fund misuse case, CM disaster relief fund
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ലോകായുക്ത പരി​ഗണിക്കുന്നു. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട തീരുമാനത്തിനു മുഖ്യമന്ത്രി മാത്രമല്ല ഉത്തരവാദിയെന്ന് ഉപലോകായുക്ത പറഞ്ഞു. മന്ത്രിസഭ ഒന്നടങ്കം ഉത്തരവാദിയാണെന്നും ലോകായുക്ത പറഞ്ഞു.

പരാതിക്കാരൻ ആർ.എസ് ശശികുമാര്‍ വാദത്തിനായി ഹാജരായിട്ടുണ്ട്. ആദ്യം മുതൽ വിശദവാദം പറ്റില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞെങ്കിലും തുടക്കംതൊട്ടു തന്നെ വാദം നടത്തിയേ പറ്റൂവെന്ന് ഉപലോകായുക്ത വ്യക്തമാക്കി. കേസിന്‍റെ സാധുത സംബന്ധിച്ച് എതിരഭിപ്രായമില്ല. മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലാണ് വ്യത്യസ്ത അഭിപ്രായം ഉണ്ടായത്. മുഖ്യമന്ത്രി മാത്രമല്ല തീരുമാനത്തിന് ഉത്തരവാദിയെന്നും ഉപലോകായുക്ത നിരീക്ഷിച്ചു. വ്യത്യസ്ത മന്ത്രിമാർ ചേർന്നതാണു മന്ത്രിസഭ. അവിടെ എടുക്കുന്ന തീരുമാനത്തിൽ മന്ത്രിസഭ ഒന്നടങ്കമാണ് ഉത്തരവാദി. മന്ത്രിമാർ വ്യക്തിപരമായി ഉത്തരവാദികളല്ലെന്നും ഉപലോകായുക്ത വ്യക്തമാക്കി.

ഇതിനിടെ വാദിച്ചിട്ട് കാര്യമില്ലെന്നു മനസിലായെന്നും അതുകൊണ്ട് വാദം തുടരുന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍, ചോദ്യങ്ങൾ ചോദിക്കുമ്പോൾ വാദിക്കില്ലെന്നു പറയുന്നത് ശരിയല്ലെന്ന് ഉപലോകായുക്ത ചൂണ്ടിക്കാട്ടി. സഹകരിക്കാതെ ഇരിക്കുന്നത് ശരിയല്ലെന്നും സൂചിപ്പിച്ചു. ഇതോടെ ചോദ്യങ്ങൾ യുക്തിസഹമല്ലെന്നും ഉപലോകായുക്ത ഹാറൂന്‍ അല്‍ റഷീദ് മുൻവിധിയോടെയാണു സമീപിക്കുന്നതെന്നുമായി പരാതിക്കാരൻ.

ലോകായുക്തയുടെ ഫുൾബെഞ്ചാണു കേസില്‍ വാദംകേള്‍ക്കുന്നത്. കേസ് മൂന്നം​ഗ ബെഞ്ചിന് വിടാനുള്ള ലോകായുക്ത തീരുമാനത്തെ ചോദ്യംചെയ്ത് പരാതിക്കാരൻ ആർ.എസ് ശശികുമാർ നൽകിയ ഹരജി ഹെെക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ലോകായുക്ത ബെ‍ഞ്ച് കേസിൽ വാദം കേൾക്കുന്നത്.

ഹരജിക്കാരനുവേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജിയുമാണ് ഹാജരാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നല്‍കിയെന്നതാണ് ലോകായുക്തയ്ക്കു മുന്നിലുള്ള പരാതി.

Summary: Lokayukta is hearing the CM's disaster relief fund misuse case

TAGS :

Next Story