'നീതി ലഭിച്ചില്ല': ബന്ധു നിയമനക്കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് കെ.ടി ജലീൽ സുപ്രീംകോടതിയില്‍
സ്വാഭാവികനീതി നിഷേധിച്ചെന്ന് ജലീൽ കോടതിയെ അറിയിച്ചു. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെ ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു
ബന്ധുനിയമനക്കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യംചെയ്ത് മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. സ്വാഭാവികനീതി നിഷേധിച്ചെന്ന് ജലീൽ കോടതിയെ അറിയിച്ചു. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെ ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു .
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതില്‍ ജലീല്‍ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം ലോകായുക്ത കേട്ടിട്ടില്ല. പരാതിക്കാര്‍ വാക്കാല്‍ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും ജലീല്‍ ആരോപിച്ചിട്ടുണ്ട്.
മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുവന്നുവെന്നാണ് ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ലോകായുക്ത വിധി.ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു
Adjust Story Font
16