"പേപ്പട്ടിയുടെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്"; ആർഎസ് ശശികുമാറിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ലോകായുക്ത
ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ വിധിക്കെതിരെ പരാതിക്കാരൻ ആർഎസ് ശശികുമാറിനെതിരെ ലോകായുക്ത. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്നാണ് വിമർശനം. കേസ് നാളെ പന്ത്രണ്ട് മണിക്ക് പരിഗണിക്കും.
നേരത്തെ ലോകായുക്ത ബെഞ്ചിൻമേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശശികുമാർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ, അദ്ദേഹത്തിൻ്റെ സാനിധ്യത്തിലാണോ അത് നടന്നത്. ഞങ്ങളിൽ വിശ്വാസമില്ലെന്നു പറയുന്നു, ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിൽ വന്നിരിക്കുന്നത്, സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയൂ എന്നും ലോകായുക്ത പറഞ്ഞു.
പേപ്പട്ടി ഒരു വഴിയിൽ നിൽക്കു മ്പോൾ അതിൻ്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്, അതുകൊണ്ടാണ് കൂടുതലൊന്നും പറയാത്തതെന്നും ലോകായുക്ത രൂക്ഷമായി വിമർശിച്ചു. മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് ഇതിനിടെ ചോദിക്കുകയും ചെയ്തു. ചെയ്യുന്നത് ശരിയാണോ എന്ന് വീട്ടിൽ പോയി ആത്മ പരിശോധന നടത്തണമെന്ന് ലോകായുക്ത കുറ്റപ്പെടുത്തി.
മന്ത്രിസഭ തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിനെ ചുമതലപ്പെടുത്തിയതിനെതിരെ ആണ് പരാതിക്കാൻ റിവ്യൂ ഹരജി നൽകിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത്. തുടർന്ന് തനിക്കീ ബെഞ്ചിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ രംഗത്തെത്തുകയായിരുന്നു.
Adjust Story Font
16